നിര്‍മാണ തൊഴിലാളികള്‍ 14ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും: ഐ എന്‍ ടി യു സി

Wayanad

കല്പറ്റ: നിര്‍മ്മാണ മേഖലയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് 14ന് തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തും. നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധിയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. തൊഴില്‍ സ്തംഭനത്തിന് പരിഹാരം കാണാനോ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് 14ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ കല്പറ്റയില്‍ ചേര്‍ന്ന് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.

പെന്‍ഷന്‍ കുടിശിക അടിയന്തിരമായി വിതരണം ചെയ്യുക, സെസ് പിരിവ് പൂര്‍ണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുക, പ്രതിമാസ പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കുക, മുടങ്ങികിടക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യുക, നിര്‍മാണ വസ്തുക്കളുടെ വിലകയറ്റം തടയുക, മണല്‍, കരിങ്കല്‍ മേഖലയിലെ സ്തംഭനം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെഡറേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നത്.

യോഗം ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘടനം ചെയ്തു. കെ കെ എന്‍ ടി സി ജില്ലാ പ്രസിഡന്റ് എന്‍ വേണുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ് കല്പറ്റ, ജോര്‍ജ് മണ്ണത്താനി, പി ശങ്കരന്‍, വി ഡി രാജു, ഒ പി വാസുദേവന്‍, ബെന്നി ടി സി, ഏലിയാമ മാത്തുക്കുട്ടി, ലീലാമ്മ ജോസ്, സാദാനന്ദന്‍ സി, എസ് ടി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.