കെ എസ് ആര്‍ ടി സി ക്ക് അന്താരാഷ്ട്ര പുരസ്‌കാരം

Kerala

തിരുവനന്തപുരം: ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് (യു ഐ ടി പി) ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരം കെ എസ് ആര്‍ ടി സിക്ക്. സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന യു ഐ ടി പി പൊതുഗതാഗത ഉച്ചകോടിയില്‍ വെച്ച് കെ എസ് ആര്‍ ടി സിക്കുള്ള പ്രത്യേക പുരസ്‌കാരം സി എം ഡിയും സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകര്‍ ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷമായി കെ എസ് ആര്‍ ടി സിയില്‍ നടക്കുന്ന പുന:ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് യു ഐ ടി പിയുടെ വിദഗ്ദ്ധ സമിതി കെ എസ് ആര്‍ ടി സിയെ പുരസ്‌കാരത്തിനായി പരിഗണിച്ചത്.

ചടങ്ങില്‍ കെ എസ് ആര്‍ ടി സിയോടൊപ്പം ജപ്പാനില്‍ നിന്നുള്ള ഈസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനി, ചൈനയില്‍ നിന്നുള്ള ബെയ്ജിങ് പബ്ലിക് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍, ജക്കാര്‍ത്തയില്‍ നിന്നുള്ള മാസ്സ് റാപിഡ് ട്രാന്‍സിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

അന്താരാഷ്ട്ര പൊതുഗതാഗത സംവിധാനങ്ങളെ ഒരേ കുടക്കീഴില്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന യു ഐ ടി പി ഏര്‍പ്പെടുത്തുന്ന പ്രധാന പുരസ്‌കാരം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കൊപ്പം കെ എസ് ആര്‍ ടി സിക്ക് വേണ്ടി ഏറ്റുവാങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. ഇത് പോലെയുള്ള പുരസ്‌കാരങ്ങള്‍ കെഎസ്ആര്‍ടിസിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.