വ്യാജരേഖ; എസ് എഫ് ഐ നേതാവ് വിദ്യക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി

Kerala

കൊച്ചി: വ്യാജരേഖയില്‍ എസ് എഫ് ഐ നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവര്‍ത്തിപരിചയ രേഖകള്‍ ഉണ്ടാക്കിയ എസ് എഫ് ഐ നേതാവ് വിദ്യയ്‌ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസെടുത്തത്. കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ വിദ്യക്കെതിരെ മഹാരാജാസ് കോളേജിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിന്റെ മൊഴി പൊലീസ് എടുത്തിരുന്നു. രേഖ പൂര്‍ണ്ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് മഹാരാജാസ് കോളേജിലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പ്രിന്‍സിപ്പല്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. വ്യാജരേഖ നിര്‍മിച്ച് മറ്റൊരാളെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചു എന്നതാണ് വിദ്യക്കെതിരെ ചുമത്തിയ കുറ്റം. കുറ്റകൃത്യം നടന്നത് പാലക്കാട് അഗളി സ്‌റ്റേഷന്‍ പരിധിയിലാണ്. അതിനാല്‍ തന്നെ കേസിന്റെ അന്വേഷണം അഗളി പൊലീസിനാകും. വ്യാജരേഖ ചമയ്ക്കല്‍ ഗുരുതരമായ കുറ്റമാണെന്നതിനാല്‍ വിദ്യയെ അറസ്റ്റ് ചെയ്‌തേക്കും. ഇവരെ കസറ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതിലേക്കടക്കം പൊലീസ് കടന്നേക്കും.