കോഴിക്കോട്: മൊയ്തു മൗലവി ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യസമര സേനാനി ഇ. മൊയ്തു മൗലവി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മൊയ്തു മൗലവി ദേശീയ സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയം ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചരിത്രത്തെക്കുറിച്ചുള്ള അവബോധം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കണമെന്ന് എംഎല്‍എ പറഞ്ഞു. നാടിനു വേണ്ടി ജീവിതം സമര്‍പ്പിച്ച വലിയ മനുഷ്യനായിരുന്നു മൊയ്തു മൗലവി. അദ്ദേഹത്തിന്റെ ജീവിത മാതൃക പിന്തുടരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച ചരിത്ര അധ്യാപകനും ചരിത്രകാരനുമായ ഡോ.കെ ഗോപാലന്‍കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയതയില്‍ നിന്ന് വ്യതിചലിക്കാത്ത വ്യക്തിത്വമായിരുന്നു ഇ മൊയ്തു മൗലവിയുടേത്. ആദര്‍ശങ്ങളെ മുറുകെപ്പിടിച്ച അദ്ദേഹം ഭൗതികമായിട്ട് ഒന്നും നേടിയെടുത്തില്ല. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍, തത്വങ്ങള്‍, പൗരധര്‍മ്മം, ജീവിതം തുടങ്ങിയവ മാതൃകയാക്കി അനുകരിക്കേണ്ടതാണ്. മൗലവിയുടെ നിശ്ചയദാര്‍ഢ്യമാണ് താത്വികമായി നിലപാടുകള്‍ എടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും ഡോ. ഗോപാലന്‍ കുട്ടി അനുസ്മരിച്ചു.
ഐ ആന്റ് പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍ അധ്യക്ഷത വഹിച്ചു. മ്യൂസിയത്തില്‍ ഒരുക്കുന്ന ചരിത്ര ലൈബ്രറിയിലേക്കുള്ള ചരിത്ര പുസ്തകങ്ങള്‍ പ്രൊഫ. എം.സി. വസിഷ്ഠില്‍ നിന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍. എ ഏറ്റുവാങ്ങി. ഗുരുവായൂരപ്പന്‍ കോളേജിലെ ചരിത്ര അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. പ്രൊഫ.എം.സി വസിഷ്ഠ് സ്വാഗതവും അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ മത്തായി നന്ദിയും പറഞ്ഞു.