മാസപ്പടിയില്‍ പിടി വിടാതെ ഇ ഡി, ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു

Kerala

കൊച്ചി: മാസപ്പടിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) സംഘം ചോദ്യം ചെയ്യുന്നു. ആലുവ തോട്ടയ്ക്കാട്ടു കരയിലെ വീട്ടിലാണ് ചോദ്യം ചെയ്യൽ,

എക്‌സാലോജിക് സൊലൂഷന്‍സും സി.എം.ആര്‍.എലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ട് കര്‍ത്തയോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം ചോദ്യം ചെയ്യുന്നത്.

കമ്പനിയെ സംബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കില്‍ അത് അറിയുക. സി.എം.ആര്‍.എലിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡി.യുടെ ലക്ഷ്യം.

കഴിഞ്ഞ ദിവസം മൊഴിയെടുപ്പിനായി സി.എം.ആര്‍.എല്ലിലെ ഒരു വനിതയുള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസില്‍ 24 മണിക്കൂര്‍ ചിലവഴിക്കേണ്ടി വന്നിരുന്നു. ഒരു പകലും രാത്രിയും നീണ്ട മൊഴിയെടുപ്പിനൊടുവില്‍ ഇവരെ വിട്ടയച്ചത് ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ്.