വിസിറ്റ് വിസയില്‍ ഒന്നില്‍ കൂടുതല്‍ പേരും പാസ്‌പോര്‍ട്ടിലെ രണ്ടാം പേജില്‍ കുടുംബപ്പേരോ പിതാവിന്റെ പേരോ ഉണ്ടായാല്‍ യാത്ര ചെയ്യാമെന്നാണ് വിശദീകരണം.
അഷറഫ് ചേരാപുരം
ദുബൈ: പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവരുടെ യു.എ.ഇ യാത്രയുമായി ബന്ധപ്പെട്ട് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വിശദീകരണം വന്നു. വിസിറ്റ് വിസയില്‍ ഒന്നില്‍ കൂടുതല്‍ പേരും പാസ്‌പോര്‍ട്ടിലെ രണ്ടാം പേജില്‍ കുടുംബപ്പേരോ പിതാവിന്റെ പേരോ ഉണ്ടായാല്‍ യാത്ര ചെയ്യാമെന്നാണ് വിശദീകരണം.
പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമാണ് ഉള്ളതെങ്കില്‍ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് യു.എ.ഇ കഴിഞ്ഞ ദിവസം അറിയിച്ചത്. ഒറ്റ പേരുകാരുടെ സന്ദര്‍ശന വിലക്കിലാണ് ഇളവുകളുമായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തിയത്.
ഓണ്‍ അറൈവല്‍ വിസയ്ക്ക് യോഗ്യതയുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടിലെ രണ്ടാം പേജില്‍ കുടുംബപ്പേരോ,പിതാവിന്റെ പേരോ വേണം. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പാസ്‌പോര്‍ട്ടില്‍ പേരിനോട് ചേര്‍ന്നുള്ള സര്‍ നെയിം, ഫസ്റ്റ് നെയിം കോളങ്ങളില്‍ പേരിന്റെ മറ്റു ഭാഗങ്ങള്‍ വ്യക്തമായി കാണിച്ചിരിക്കണമെന്നാണ് യു.എ.ഇയുടെ നിര്‍ദേശത്തില്‍ പറയുന്നത്. സര്‍നെയിം, ഫസ്റ്റ് നെയിം കോളങ്ങളില്‍ കൂടി അതേ സിംഗിള്‍ നെയിം നല്‍കി അപ്‌ഡേറ്റ് ചെയ്താല്‍ റെസിഡന്‍സ് പെര്‍മിറ്റും സ്ഥിര വിസയുമുള്ള യാത്രക്കാര്‍ക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യാമെന്നും ഇന്‍ഡിഗോ എയര്‍ കമ്പനി നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.