ജലജീവന്‍ പദ്ധതി; കുന്ദമംഗലം മണ്ഡലതല യോഗം ചേര്‍ന്നു

Kozhikode

കോഴിക്കോട്: കുന്ദമംഗലം മണ്ഡലത്തിലെ ജലജീവന്‍ പദ്ധതി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മാവൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജലജീവന്‍ പദ്ധതി പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. പ്രവൃത്തികള്‍ നടന്നുവരുന്ന പൊതുമരാമത്ത് റോഡുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി നടത്തുന്നതിന് മുന്‍ഗണന നല്‍കാനും ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട് മലയില്‍ എട്ട് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ തയ്യാറാക്കിയ പദ്ധതി ടാങ്കിന് സ്ഥലം ഏറ്റെടുക്കല്‍ നടപടി അടിയന്തിരമായി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. മണ്ഡലത്തിലെ ചെറുകിട ജലസേചന പദ്ധതികളുടെ പ്രവൃത്തികള്‍ നടത്തുന്നതില്‍ നിലവിലുള്ള തടസങ്ങള്‍ നീക്കുന്നതിനും സ്ഥലം സംബന്ധിച്ച ആശയകുഴപ്പങ്ങളുള്ള ഭാഗങ്ങള്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധിച്ച് സമയബന്ധിത നടപടികള്‍ സ്വീകരിക്കുന്നതിനും ധാരണയായി.

ഗ്രാമപഞ്ചായത്ത് തലത്തില്‍ ജലജീവന്‍, കെ.ഡബ്ല്യു.എ, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിനും അതാത് പ്രദേശങ്ങളിലെ വിഷയങ്ങള്‍ പരിഹരിക്കുന്നതിനും മറ്റുതരത്തിലുള്ള തടസ്സങ്ങള്‍ കണ്ടെത്തുന്നപക്ഷം അക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.രഞ്ജിത്, ഓളിക്കല്‍ ഗഫൂര്‍, എം.കെ സുഹറാബി, ഷാജി പുത്തലത്ത്, പി ശാരുതി, കെ.ഡബ്ല്യു.എ, ജലജീവന്‍, മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് റോഡ്, റവന്യൂ, എല്‍.എസ്.ജി.ഡി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *