വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയുടെ 40-ാം വാര്‍ഷികാഘോഷം 20ന് കോഴിക്കോട്

Cinema

കോഴിക്കോട്: ഗള്‍ഫില്‍ വെച്ച് ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയുടെ 40ാം വാര്‍ഷികാഘോഷം 20ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടേയും ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വില്‍ക്കാനുണ്ട് സ്വപ്നങ്ങളുടെ തിരക്കഥയെഴുതിയത് എം.ടി വാസുദേവന്‍നായരാണ്. 20ന് വൈകീട്ട് നാലുമണിക്ക് മേയര്‍ ബീന ഫിലിപ് പരിപാടി ഉദ്ഘാടനം ചെയ്യും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥി ആയിരിക്കും.

ചടങ്ങില്‍ വെച്ച് ചിത്രത്തിന്റെ സഹസംവിധാനം നിര്‍വഹിച്ച പുരുഷന്‍ കടലുണ്ടി, ഗാനങ്ങള്‍ രചിച്ച പി.പി. ശ്രീധരനുണ്ണി എന്നിവരെ ചടങ്ങില്‍ ആദരിക്കും. കൂടാതെ ചലച്ചിത്ര മേഖലയെക്കുറിച്ച് രണ്ടു പതിറ്റാണ്ടായി ഫീച്ചറുകള്‍, സ്‌പെഷ്യല്‍ സ്‌റ്റോറികള്‍ സിനിമ നിരൂപണങ്ങള്‍ എന്നിവയിലൂടെ സുപരിചിതരായ സിനിമാ പത്രപ്ര പ്രവര്‍ത്തന രംഗത്തെ മാധ്യമപ്രവര്‍ത്തകരായ സി ശിവപ്രസാദ് (മലയാള മനോരമ), പി. പ്രജിത്ത് (മാതൃഭൂമി), എ വി. ഫര്‍ദിസ് (മലയാളം ന്യൂസ്)എന്നിവരെയും ആദരിക്കും. ആയോധനകലയുടെ കുലപതി ഡോ. വി എം. വിജയന്‍ ഗുരിക്കള്‍, അഭിനേതാവായ ഗോപിനാഥ് ചേന്നര എന്നിവര്‍ക്ക് സമഗ്രസംഭാവനക്കുള്ള പുരസ്‌ക്കാരവും സമ്മാനിക്കും. ഈ വേദിയില്‍ വെച്ച് ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആരംഭിക്കുന്ന ചലച്ചിത്ര പഠന കേന്ദ്രം ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ പ്രഫ വര്‍ഗീസ് മാത്യു, ആറ്റക്കോയ പള്ളിക്കണ്ടി, മുരളി ബേപ്പൂര്‍, രാജേഷ് എസ്. എം എന്നിവര്‍ പങ്കെടുത്തു.