വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ തകര്‍ത്തത് രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങള്‍

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

മീനങ്ങാടി: കേരള വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ തകര്‍ത്തത് രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങള്‍. മീനങ്ങാടി സ്‌കൂള്‍ റോഡില്‍ പൈപ്പ് പൊട്ടി ചെളിയും വെള്ളവും കടകളിലേക്ക് കയറിയാണ് രണ്ട് കുടുംബങ്ങളുടെ ജീവിതം തകര്‍ത്തത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഫിനു ലേഡീസ് ടൈലറിംഗ് ഷോപ്പ്, ഫാസ്റ്റ് ട്രാക്ക് സൈക്കിള്‍ ഷോപ്പ് എന്നീ സ്ഥാപനങ്ങള്‍ നടത്തിയവരുടെ സ്വപ്നങ്ങളാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളത്തിലായത്. കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ശനിയാഴ്ച വെളുപ്പിനാണ് പൈപ്പ് പൊട്ടിയത്. ഇതോടെ ചളിയും വെള്ളവും കടകളിലേക്ക് ഇരച്ചുകയറി. പെരുന്നാള്‍ സീസണ്‍ ആയതിനാല്‍ ഫിനു ടൈലേഴ്‌സില്‍ ധാരാളം തുണികള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം ചെളിവെള്ളത്തില്‍ കുതിര്‍ന്ന് ഉപയോഗ യോഗ്യമല്ലാത്ത നിലയിലാണുള്ളത്. പതിനായിരങ്ങളുടെ നഷ്ടമാണ് ഫിനു ടൈലേഴ്‌സിന് മാത്രം സംഭവിച്ചത്. തൈച്ചുവെച്ച തുണികളും വെള്ളത്തില്‍ കുതിര്‍ന്ന് ഉപയോഗ ശൂന്യമായി.

യാതൊരു ബഹ്യ സമ്മര്‍ദവും ഇല്ലാതെയാണ് പൈപ്പ് പൊട്ടിയത്. ഗുണമേന്മയില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ചതാണ് സ്വയം പൊട്ടുന്നതിന് കാരണമെന്നാണ് പറയുന്നത്. കൃത്യമായ സമയങ്ങളില്‍ അറ്റകുറ്റ പണികളോ പണി നടക്കുമ്പോള്‍ പൈപ്പുകളുടേയും മറ്റും ഗുണമേന്മ പരിശോധനയോ നടത്താന്‍ വാട്ടര്‍ അതോറിറ്റി തയ്യാറായിരുന്നെങ്കില്‍ ഇത്തരത്തില്‍ സംഭവിക്കില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളം കയറി നാശനഷ്ടം സംഭവിച്ച കടക്കാര്‍ക്കും കെട്ടിടത്തിന് ഉണ്ടായ നഷ്ടത്തിനും മതിയായ നഷ്ടപരിഹാരം വാട്ടര്‍ അതോറിറ്റി നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കെട്ടിട ഉടമ വി ജമീല വാട്ടര്‍ അതോറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കി.