മണിപ്പൂരിലും ഉത്തരാഖണ്ഡിലും പ്രശ്‌ന പരിഹാരത്തിന് അടിയന്തിര ഇടപെടല്‍ വേണം

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: മണിപ്പൂരിലും ഉത്തരാഖണ്ഡിലും നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ പ്രചാരണങ്ങളേയും കലാപത്തേയും കോഴിക്കോട് ചേര്‍ന്ന Citizens Allaince for Social Equaltiy (CASE) യോഗം അപലപിച്ചു. പ്രശ്‌ന പരിഹാരത്തിന് എത്രയും പെട്ടെന്ന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിനോടും മണിപ്പൂര്‍ ഉത്തരാഖണ്ഡ് സര്‍ക്കാരുകളോടും യോഗം ആവശ്യപ്പെട്ടു.

മണിപ്പൂരിലെ വ്യാപകമായ കൂട്ടക്കൊലയും വംശീയ മത മുന്‍വിധികള്‍ കലര്‍ന്ന ഉന്മൂലന പ്രവര്‍ത്തനങ്ങളും പൊലീസിനും പട്ടാളത്തിനും നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പൊലീസ് സ്‌റ്റേഷനില്‍ കയറി അവരെ നോക്കുകുത്തികളാക്കി ആയുധങ്ങളും മറ്റും കൊള്ള ചെയ്ത് അക്രമകാരികള്‍ താണ്ഡവമാടുകയാണ്. ആഭ്യന്തര വകുപ്പിന്റെ ത്വരിത ഗതിയിലുള്ള മുഖം നോക്കാതെയുള്ള നടപടികള്‍ അവിടെ ഉണ്ടായേ തീരൂ.

ഉത്തരാഖണ്ഡിലെ മുസ്ലിം വ്യാപാരികള്‍ക്കെതിരെയുള്ള ഉപരോധവും ബഹിഷ്‌ക്കരണവും പൗരാവകാശങ്ങളുടെ ലംഘനമാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യനീതി നടപ്പാക്കുന്നതിലും ജനങ്ങള്‍ക്ക് സമാധാന ജീവിതം ഒരുക്കുന്നതിലും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പരാജയമാണെന്ന് യോഗം വിലയിരുത്തി.

മണിപ്പൂരിലെയും ഉത്തരാഖണ്ഡിലെയും കലാപത്തിനിരയായവര്‍ക്കും നീതി നിഷേധിക്കപെട്ടവര്‍ക്കും യോഗം ഐക്യദാര്‍ഢ്യം പ്രഖാപിച്ചു. പ്രശ്‌നപരിഹാരത്തിനായി എല്ലാ രാഷ്ട്രീയ സാമുദായിക സംഘടനകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

ചെയര്‍മാന്‍ ടി പി. നസീര്‍ ഹുസ്സൈന്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സിക്രട്ടറി മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. മുസ്തഫ മുഹമ്മദ്, ഷഫീഖ് രായം മരക്കാര്‍, എഞ്ചിനീയര്‍ പി മമ്മദ് കോയ, ഖാദര്‍ പാലാഴി, അബ്ദുല്ല അന്‍സാരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.