വ്യാജത്തില്‍ വലഞ്ഞ് എസ് എഫ് ഐ; മൂന്നാമനും ഒളിവില്‍

Kerala

തിരുവനന്തപുരം: വ്യാജരേഖയില്‍ എസ് എഫ് ഐയിലെ മൂന്നാമനും ഒളിവില്‍. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ എസ് എഫ് ഐ നേതാവ് വിശാഖ് ഒളിവിലായതിന് പിന്നാലെയാണ് വ്യാജത്തില്‍ എസ് എഫ് ഐ നേതാക്കള്‍ ഓരോന്നായി ഒളിവില്‍ പോകാന്‍ തുടങ്ങിയത്. ഒരുമാസം പിന്നിട്ടിട്ടും വിശാഖിനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എസ് എഫ് ഐക്കാരിയായ കെ വിദ്യ ഒളിലാകുന്നത്. പതിനഞ്ച് ദിവസം പിന്നിട്ടിട്ടും വിദ്യയും ഒളിവില്‍ തന്നെ. അതിന് പിന്നാലെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ നിഖില്‍ തോമസും ഒളിവില്‍ പോകുന്നത്.

നിഖിലിനെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്. പിന്നീട് നിഖിലിനെക്കുറിച്ച് വിവരമൊന്നുമില്ല.

അതേസമയം ഒളിവില്‍ കഴിയുന്ന കെ വിദ്യ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യ ഹര്‍ജി ഈ മാസം 24 ന് കോടതി പരിഗണിക്കും. അവിവാഹിതയാണ്. ആ പരിഗണന നല്‍കണമെന്നും വിദ്യ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. അട്ടപ്പാടി കോളേജില്‍ വ്യാജ രേഖ ചമച്ചെന്ന കേസില്‍ പ്രതിയായ കെ വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ പ്രതി ചെറുപ്പമാണ്. അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹര്‍ജിയിലുണ്ടായിരുന്നു. ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പതിനാറ് ദിവസമായി വിദ്യ ഒളിവിലാണ്.

അതേസമയം, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി എസ് എഫ് ഐ നേതാവ് നിഖില്‍ തോമസ്, എംകോം പ്രവേശനം നേടിയ സംഭവത്തില്‍ സി പി എമ്മും കുരുക്കിലായിട്ടുണ്ട്. പാര്‍ട്ടി നേതാവിന്റെ ഇടപെടല്‍ കാരണമാണ് നിഖിലിന് പ്രവേശനം നല്‍കിയതെന്ന് കായംകുളം എം എസ് എം കോളേജ് മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് സി പി എമ്മും വെട്ടിലായത്. ഈ നേതാവിന്റെ പേര് പുറത്ത് വന്നിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ ഇതും സി പി എമ്മിന് വിനയാകും.