വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ; ക്യാംപയിനുമായി യൂത്ത് ലീഗ്

Kerala

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കാമ്പയിന്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും അറിയിച്ചു. വെറുപ്പും വിദ്വേഷവും വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. മുസ്‌ലിങ്ങള്‍ക്കെതിരായി വെറുപ്പ് പ്രചരിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് രാജ്യം ഭരിക്കുന്ന സംഘ് പരിവാര്‍ പ്രസ്ഥാനങ്ങളും അനുഭാവികളുമാണ്. പലപ്പോഴും ജനവിരുദ്ധ നയങ്ങള്‍ മറച്ചു പിടിക്കുന്നതിനും ഭരണ വിരുദ്ധ വികാരം വഴി തിരിച്ചു വിടുന്നതിനും വേണ്ടിയാണ് ഇത്തരം ശ്രമങ്ങള്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളം ഭരിക്കുന്ന ഇടത്പക്ഷ സര്‍ക്കാരും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുന്നിട്ട് നില്‍ക്കുകയാണ് നേതാക്കള്‍ തുടര്‍ന്നു. ഈ പശ്ചാതലത്തിലാണ് വിദ്വേഷത്തിനെതിരെ, ദുര്‍ ഭരണത്തിനെതിരെ എന്ന പ്രമേയം ഉയര്‍ത്തി സംസ്ഥാന വ്യാപകമായി കാമ്പയിന്‍ നടത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ശാഖ തലം മുതല്‍ സംസ്ഥാന തലം വരെ നടക്കുന്ന കാമ്പയിന്‍ വിജയിപ്പിക്കിയുന്നതിനായുള്ള കര്‍മ്മ പദ്ധതികള്‍ക്ക് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മറ്റി രൂപം നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ 15വരെയായി ശാഖതലത്തില്‍ യൂത്ത് മീറ്റ് സംഘടിപ്പിക്കും. യൂത്ത് മീറ്റ്‌നോട് അനുബന്ധിച്ച് ശാഖ/യൂണിറ്റ് തലത്തില്‍ വിപുലമായ കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന് ക്യാമ്പയിന്‍ വിശദീകരണം നടത്തും. യൂത്ത് മീറ്റിന്റെ ഭാഗമായി ശാഖ/യുണിറ്റ് തലത്തില്‍ ക്ലബ്ബ്കള്‍ക്ക് രൂപം നല്‍കും. യൂത്ത് മീറ്റിനെ തുടര്‍ന്ന് ജൂലൈ 16മുതല്‍ 31 വരെയായി പഞ്ചായത്ത് തലത്തില്‍ പ്രതിനിധി സംഗമം നടത്തുന്നതാണ്. യൂണിറ്റ് ഭാരവാഹികള്‍ ആണ് പ്രതിനിധി സംഗമത്തില്‍ പങ്കെടുക്കുക. കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത്, ശാഖ/യൂണിറ്റ് കമ്മിറ്റികള്‍ അഫിലിയേഷന്‍ നടത്തുന്നതാണ്.

കാമ്പയിന്റെ ഭാഗമായി ജൂലൈ 30ന്, യൂത്ത് ലീഗ് ദിനത്തില്‍ നിയോജക മണ്ഡലതം തലത്തില്‍ സ്മൃതി വിചാരം സംഘടിപ്പിക്കുന്നതാണ്. ഓഗസ്റ്റ് മാസത്തില്‍ തമസ്‌കരിക്കപ്പെടുന്നവര്‍ ചരിത്രം പറയുന്നു എന്ന പ്രമേയത്തില്‍ ഏകദിന കോണ്‍ക്ലേവ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സെപ്തംബര്‍ 28ന് സി.എച്ച് അനുസ്മരണ ദിനത്തില്‍ പ്രതിഭ ഫെസ്റ്റ് സംഘടിപ്പിക്കുന്നതാണ്. പ്രതിഭ ഫെസ്റ്റിന്റെ ഭാഗമായി പ്രസംഗം, പ്രബന്ധം, കവിത മത്സരങ്ങള്‍, വീഡിയോ എഡിറ്റിങ് , ഡിസൈനിങ് സംഘടിപ്പിക്കും. കാമ്പയിന്റെ പ്രചാരണാര്‍ത്ഥം പഞ്ചായത്ത് തല ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മാസത്തില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നതാണ്.

കാമ്പയിന്റെ പ്രമേയം വിശദീകരണത്തിനായി യൂത്ത്മാര്‍ച്ച് സംഘടിപ്പിക്കും. നവംബര്‍ മാസത്തില്‍ പദയാത്രയായാണ് ജില്ല തലത്തില്‍ യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കുക. കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ അവസാനം എറണാകുളത്ത് വെച്ച് യുവജന മഹാറാലി സംഘടിപ്പിക്കുമെന്ന് തങ്ങളും ഫിറോസും അറിയിച്ചു.