എം ജി എം കേരള വിമന്‍സ് സമ്മിറ്റ് ഞായറാഴ്ച; ഡോ: അസ്മ സഹ്‌റ ഉദ്ഘാടനം ചെയ്യും

Kerala News

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോഴിക്കോട്: ‘നവ ലോകത്തിന് നന്മയുടെ സ്ത്രീത്വം’ എന്ന സന്ദേശവുമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ വനിതാ വിഭാഗമായ എം ജി എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള വിമന്‍സ് സമ്മിറ്റ് ഞായറാഴ്ച പാലക്കാട്ട് നടക്കും. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ വനിതാ സംഗമങ്ങളിലൊന്നായി, പാലക്കാട് കോട്ട മൈതാനിയില്‍ നടക്കുന്ന എം ജി എം കേരള വിമന്‍സ് സമ്മിറ്റ് മാറും. കാല്‍ ലക്ഷത്തിലധികം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സ്ത്രീത്വത്തിന്റെ ആഭിചാത്യവും സ്വാതന്ത്ര്യവും ഉറക്കെ പ്രഖ്യാപിച്ച് സ്ത്രീ ശാക്തീകരണത്തിനും നീതിക്കും വേണ്ടിയുള്ള ശക്തമായ പ്രഖ്യാപനമായിരിക്കും സമ്മേളനം. സ്ത്രീ സ്വാതന്ത്ര്യമെന്നാല്‍ കുത്തഴിഞ്ഞ ലൈംഗികതയും ആഭാസകരമായ വസ്ത്രധാരണയും ലിംഗവൈജാത്യങ്ങളെ ഒളിച്ചുവെക്കലുമാണെന്ന മൗഢ്യമായ ധാരണയെ ധാര്‍മികത യിലൂന്നിയ അഭിമാനകരമായ അസ്തിത്വം സാധിച്ചെടുക്കുകയെന്നതാണെന്ന് ബോധ്യപ്പെടുത്തു ന്നതായിരിക്കും സമ്മേളനം.

സ്വതന്ത്ര ലൈംഗികതയും നവലിബറലിസവും ജന്റല്‍ ന്യൂട്രാലിറ്റിയം സാമൂഹിക അരാജകത്വത്തിലേക്ക് വഴി തെളിക്കുന്നതിനെതിരെ സമ്മേളനം ശക്തമായ താക്കീതായി മാറും. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളിലെ ആരാധനാ സ്വാതന്ത്ര്യം വിലക്കുകയും ആത്മീയ വാണിഭ കേന്ദ്രങ്ങളില്‍ ചൂഷണ വസ്തുവാക്കുകയും ചെയ്യുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തിന്നെതിരെ മുസ്ലിം സ്ത്രീകളുടെ സംഘടിത മുന്നേറ്റത്തിന് സമ്മേളനം ശക്തിപകരും. സ്ത്രീ ശരീരം പരസ്യകമ്പോളത്തിലെ വിപണനോ പാധിയാക്കുന്ന കച്ചവട ലോബിക്കെതിരെ സമ്മേളനം താക്കീതാവും. പാലക്കാട് കോട്ട മൈതാനത്ത് പ്രത്യേകം സജ്ജമാക്കുന്ന നഗരിയില്‍ നടക്കുന്ന സമ്മേളനം ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ഡോ. അസ്മാസഹ്‌റ ത്വയ്യിബ(ഹൈദരാബാദ്) ഉദ്ഘാടനം ചെയ്യും. രമ്യാ ഹരിദാസ് എം പി മുഖ്യാതിഥിയായിരിക്കും. അഡ്വ. കെ ശാന്തകുമാരി എം എല്‍ എ അതിഥിയാവും. സല്‍മ അന്‍വാരിയ്യ അദ്ധ്യക്ഷത വഹിക്കും.

പാലക്കാട് ജില്ലാ കലക്ടര്‍ മൃമൈ ജോഷി, കണ്ണൂര്‍ കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ ശബീന ശക്കീര്‍, സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ തീം സോങ് രചയിതാവ് ഉമ്മുകുല്‍സൂ തിരുത്തിയാട് എന്നിവരെ ആദരിക്കും. ഐ എസ് എം ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ആദില്‍ നസ്വീഫ്, സുഹാന ഉമര്‍, മറിയക്കുട്ടി സുല്ലമിയ്യ ആശംസകളര്‍പ്പിക്കും. കെ എന്‍ എം മര്‍കസുദ്ദഅ്വ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തും. സി ടി ആയിശ പ്രമേയ പ്രഭാഷണം നടത്തും. ഡോ. ഖമറുന്നിസ അന്‍വര്‍, സൈനബ ശറഫിയ്യ, എം അഹ്മദ്കുട്ടി മദനി, എ ജമീല ടീച്ചര്‍, മുഹ്‌സിന പത്തനാപുരം, എന്‍ എം അബ്ദുല്‍ജലീല്‍, റുഖ്‌സാന വാഴക്കാട് പ്രസംഗിക്കും.

രാവിലെ 9.30ന് മുഹമ്മദ് ബാഗ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ പ്രിയ അജയന്‍, സലീമ ടീച്ചര്‍, ഷഹബാത്ത് എം പ്രസംഗിക്കും. പഠന സെഷനില്‍ അഡ്വ. ഫാത്തിമ തഹ് ലിയ്യ, ഹുസ്‌ന മിയാന്‍, ഖദീജ കൊച്ചി, അഫീഫ പൂനൂര്‍, നെക്‌സി കോട്ടയം, സി എം സനിയ്യ, ജുവൈരിയ ടീച്ചര്‍ പങ്കെടുക്കും. കെ പി എം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥിനി സമ്മേളനത്തില്‍ ഡോ. ആബിദ ഫാറൂഖി, അഡ്വ. ഫാത്വിമ തഹ്ലിയ്യ, ടി കെ തഹ്ലിയ്യ, ആയിശ എച്ച് ഡി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *