ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരേയും കോഴ ആരോപണം; പരാതി നല്‍കി മലപ്പുറം സ്വദേശി ഹരിദാസ്

Kerala

തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിനെതിരെയും കോഴ ആരോപണം. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെയാണ് പരാതി വന്നത്. എന്‍ എച് എം ഡോക്ടര്‍ നിയമനത്തിനു പണം വാങ്ങിയെന്നാണ് പരാതി. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇതുസംബന്ധിച്ച് മലപ്പുറം സ്വദേശി ഹരിദാസാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി ഹോമിയോ വിഭാഗത്തില്‍ നിയമനം വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. താത്കാലിക നിയമനത്തിന് അഞ്ചു ലക്ഷം ചോദിച്ചെന്നും മുന്‍കൂറായി 1.75 ലക്ഷം രൂപ നല്‍കിയെന്നും ഹരിദാസ് പറയുന്നു. ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത് പത്തനംതിട്ട CITU മുന്‍ ഓഫീസ് സെക്രട്ടറി ആണെന്നും ഇയാള്‍ക്ക് 75000 രൂപ നല്‍കിയെന്നും പരാതിക്കാരന്‍ ഹരിദാസന്‍ പറയുന്നുണ്ട്.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ സ്റ്റാഫ് അംഗത്തിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നും നിയമന ഉത്തരവ് ഇ മെയിലായി വന്നെങ്കിലും ജോലി കിട്ടിയില്ലെന്നും ഹരിദാസന്‍ പറയുന്നു. മരുമകള്‍ക്ക് വേണ്ടിയായിരുന്നു ജോലിക്ക് ശ്രമിച്ചതെന്നും ഹരിദാസ് വ്യക്തമാക്കി.