ഗുജറാത്തി മുതല്‍ ബോറ വരെ; കോഴിക്കോട്ട് വേറിട്ട ക്രിസ്തുമസ് ആഘോഷവുമായി ബിഷപ്‌സ് ഹൗസ്

Kerala

എ വി ഫര്‍ദിസ്

കോഴിക്കോട്: ബോറാ വിഭാഗത്തിന്റെ പ്രതിനിധി മുതല്‍ കച്ചവടത്തിനായി ഇവിടെയെത്തി ഞമ്മളെ കോഴിക്കോടിന്റെ ഭാഗമായി മാറിയ ഗുജറാത്തി സമൂഹത്തില്‍ നിന്നുള്ളവര്‍ വരെ ഒത്തുകൂടിയപ്പോള്‍, ക്രിസ്തമസ്സാഘോഷത്തിന്റെ ഒരു വേറിട്ട കോഴിക്കോടന്‍ കാഴ്ചയായത് മാറി. കോഴിക്കോട് രൂപതാ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവാണ് കോഴിക്കോടിന്റെ സൗഹാര്‍ദ ചരിത്രത്തില്‍ മറ്റൊരധ്യായം കുറിച്ചു കൊണ്ട്, മലാപറമ്പ് ബിഷപ്‌സ് ഹൗസില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ക്കായി ക്രിസ്മസ് ദിനത്തില്‍ ആഘോഷമൊരുക്കിയത്.

സമുദായ സൗഹൃദ കൂട്ടായ്മയായ മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണിയുടെ നേതൃത്വത്തിലാണ് വിവിധ മതവിഭാഗങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമെല്ലാമുള്ളവര്‍ പിതാവിന്റെ ക്രിസ്തുമസ്സ് ആതിഥേയത്വം സ്വീകരിക്കുവാന്‍ എത്തിയത്. ശ്രീകണ്ടേശ്വര ക്ഷേത്രത്തിന്റെയും മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി ( മിഷി ) യുടെയും പ്രസിഡന്റായ പി വി ചന്ദ്രന്‍, വ്യവസായ പ്രമുഖനും മിഷിന്റെ ജനറല്‍ സെക്രട്ടറി പി.കെ. അഹമ്മദ് സാഹിബ്, ട്രഷറര്‍ സി. ചാക്കുണ്ണി, കോ ഓര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അതിഥികള്‍ എത്തിയത്.

ക്രിസ്തുമസ് കേക്ക് മുറിച്ച് ആഘോഷത്തിന്റെ സന്തോഷത്തിന് മധുരം കൊണ്ട് തുടക്കം കുറിച്ച് ബിഷപ്പ് ചക്കാല ക്കല്‍, അതിഥികളോടായി നടത്തിയ സന്ദേശ പ്രസംഗത്തില്‍, ദൈവനിയോഗത്തിലാണ് ഇത്തരം സൗഹാര്‍ദ കൂട്ടായ്മകള്‍ രൂപപ്പെടുന്നതെന്നും നമ്മുടെ ഭരണഘടനയുടെ മഹത്തായ സന്ദേശമുള്‍ക്കൊള്ളുന്നവരായി മാറുകയെന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രധാന ആവശ്യമെന്നും പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷത എന്നത് നമ്മുടെ രാജ്യത്തിനടിസ്ഥാനമായ കാര്യമാണ്.

മതനിരാസമല്ല. മറിച്ച് എല്ലാവരും ഒരു പോലെ കഴിയുന്ന നാട് എന്നാണത്. അബൂബക്കറും നഫീസയും ജോസും മേരിയും വാസുവും വാസന്തിയുമെല്ലാമുള്ള നാടാണത്. ഇവരൊന്നുമില്ലാതെ അത് പൂര്‍ണമാകുകയുമില്ല എന്നതാണ് നാം തിരിച്ചറിയേണ്ടത്. നാട്ടില്‍ അസമാധാനം നിലനില്ക്കുമ്പോള്‍, അവിടെ എന്ത് ഭൗതിക വികസനമുണ്ടായിട്ടും കാര്യമില്ല. ജനങ്ങള്‍ക്ക് സ്വസ്തമായി ജീവിക്കാനാവശ്യമായ സാഹചര്യമുണ്ടാക്കുകയെന്നതാണ് ഏതൊരു വികസനത്തിന്റെയും അടിസ്ഥാന കാര്യമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഗുജറാത്തി സമൂഹത്തിന്റെ പ്രതിനിധിയായ ആര്‍. ജയന്ത് കുമാര്‍ റഫി സാബിന്റെ സൗഹാര്‍ദ സന്ദേശമടങ്ങിയ ഗാനം പാടിയപ്പോള്‍ ഖുര്‍ ആനടക്കം വിവിധ മത ഗ്രന്ഥങ്ങള്‍ മനുഷ്യ സൗഹാര്‍ദ്ദത്തിന്റെ അനിവാര്യതയെ എടുത്തു കാണിക്കുന്നതിനെ തങ്ങളുടെ സംസാരങ്ങളില്‍ പലരും ചൂണ്ടിക്കാട്ടി.

രൂപതാ ബിഷപ്പ് സ്ഥാനത്ത് രജത ജൂബിലി പിന്നിടുന്നതിന്റെ ഭാഗമായുള്ള തന്റെ സമ്മാനവും ഗോഡ്‌സ് വേര്‍ഡ്‌സും ദിവ്യവചനങ്ങളുമടങ്ങിയ 2024 ഡയറിയും നല്കിയാണ് ബിഷപ്പ് അതിഥികളെ യാത്രയാക്കിയത്. രാവിലെ തുടങ്ങിയ ക്രിസ്തുമസ് സൗഹാര്‍ദ കൂട്ടായ്മ ഉച്ചയോടെയാണ് അവസാനിച്ചത്.

ഡോ. കെ. മൊയ്തു, ഡോ. ഐ.പി. അബ്ദുള്‍ സലാം (കേരള ഹജ്ജ് കമ്മിറ്റി), എഞ്ചിനീയര്‍ പി.മമ്മദ് കോയ (എം.എസ്.എസ്), സുധീഷ് കേശവപുരി ( എസ്.എന്‍.ഡി.പി), ലത്തീഫ് പാലക്കണ്ടി ( എം.ഇ. എസ്), പി. സുന്ദര്‍ദാസ് ( ശ്രീകണ്ടേശ്വര ക്ഷേത്ര കമ്മിറ്റി), സിറാജ് ഡി. കപ്പാസി (ബോറാ കമ്മ്യൂണിറ്റി ) ഡോ. പി.സി. അന്‍വര്‍, അഡ്വ. ആലിക്കോയ, നവാസ് പൂനൂര്‍, സുബൈര്‍ കൊളക്കാടന്‍, ടി.പി. നസീര്‍ ഹുസൈന്‍, എന്‍.കെ. മുഹമ്മദലി, ഏ.കെ. നിഷാദ്, എ.വി. ഫര്‍ദിസ് , ടി.പി.എം ജിഷാര്‍ , ഹാനി മുസ്തഫ, കോയട്ടി മാളിയേക്കല്‍, അന്‍വര്‍, കോഴിക്കോട് രൂപതാ വികാരി ജനറല്‍ ഫാ. ജെന്‍സണ്‍ പുത്തന്‍ വീട്ടില്‍, ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. പേള്‍ പേര്‍സി, ചാന്‍സലര്‍ ഫാ. സജീവ് വര്‍ഗീസ്, ബിഷപ്‌സ് സെക്രട്ടറി ഫാ. നിതിന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.