കൊടും ക്രൂരതക്ക് തൂക്കുകയര്‍; പ്രതിക്കെതിരെ ചുമത്തിയ കേസുകളിലെല്ലാം കുറ്റം തെളിഞ്ഞു

Kerala

ആലുവ: അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അഫ്‌സാക് ആലത്തിനെതിരെ പൊലീസ് ചുമത്തിയ കേസുകളിലെല്ലാം പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയതിനാണ് വധ ശിക്ഷ വിധിച്ചത്. ഇത് ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും നടപ്പാക്കുക.

പ്രതിക്കെതിരെ ചുമത്തിയ പോക്‌സോ നിയമപ്രകാരമുള്ള മൂന്ന് കുറ്റങ്ങള്‍ക്ക് ജീവിതാവസാനം വരെ തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐ പി സി 328, 364, 366എ, 367 വകുപ്പുകളില്‍ പത്ത് വര്‍ഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടിക്ക് ബലമായി മദ്യം നല്‍കിയതിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നല്‍കി. ഐ പി സി 376, 377 വകുപ്പുകളില്‍ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അതിവേഗത്തിലായിരുന്നു അന്വേഷണം നടന്നത്. ഓഗസ്റ്റ് 1, ചൊവ്വാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 3, വ്യാഴാഴ്ച പ്രതിയുമായി ആലുവ മാര്‍ക്കറ്റ് പരിസരത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. ഓഗസ്റ്റ് 6, ഞായറാഴ്ച പ്രതിയുമായി കുട്ടിയുടെ വീട്ടിലും ആലുവ മാര്‍ക്കറ്റിലും തെളിവെടുപ്പ് നടന്നു. സെപ്തംബര്‍ 1 വെള്ളിയാഴ്ച, ക്രൂരകൃത്യം നടന്ന് 35-ാം ദിവസം പൊലീസ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ 645 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ഒക്ടോബര്‍ 4, ബുധനാഴ്ചയാണ് കേസില്‍ വിചാരണ തുടങ്ങിയത്. 26 ദിവസത്തെ വിചാരണക്ക് പിന്നാലെ നവംബര്‍ നാല് ശനിയാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുന്നത് നീട്ടിവച്ചു. പിന്നീട് മാനസിക പരിശോധന നടത്തിയെങ്കിലും അസ്ഫാക് ആലത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നാലെ നടന്ന വാദത്തിനൊടുവിലാണ് കേസില്‍ വിധി.