നടന്‍ വിനോദ് തോമസിന്‍റെ ജീവനെടുത്തത് കാര്‍ബണ്‍ മോണോക്‌സൈഡ്

Kottayam

കോട്ടയം: നടന്‍ വിനോദ് തോമസിന്റെ ജീവനെടുത്തത് കാര്‍ബണ്‍ മോണോക്‌സൈഡ്. നടന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിനുള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റാര്‍ട്ട് ചെയ്ത കാറില്‍ എ സി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി ഇരിക്കുകയായിരുന്നു വിനോദ്. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിക്കുകയായിരുന്നു. നടന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് കാറില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല.

അയ്യപ്പനും കോശിയും ഉള്‍പ്പെടെ ഉള്ള ചിത്രങ്ങളില്‍ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ാമത്തെ വയസിലാണ് അപ്രതീക്ഷിതമായി മരിച്ചത്. വിനോദിന്റെ സംസ്‌കാരം ചൊവ്വാഴ്ച മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടക്കും.