തിരുവനന്തപുരം: കെ പി സി സി സെക്രട്ടറി എം ജെ ജോബിന്റെ ആലപ്പുഴയിലെ വീട് അടിച്ചുതകര്‍ത്തത് അധമ രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ക്രിമിനലുകളെ നിയന്ത്രിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. പൊതുപണം ധൂര്‍ത്തടിച്ച് നടത്തുന്ന നവകേരള സദസിന്റെ പേരില്‍ ആലപ്പുഴയില്‍ കെ. എസ്. യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന് പിന്നാലെ കെ പി സി സി ജനറല്‍ സെക്രട്ടറി എം ജെ ജോബിന്റെ വീട് തല്ലിത്തകര്‍ക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെ ആക്രമിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ല. ഇത് അധമ രാഷ്ട്രീയമാണ്. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പിണറായി വിജയനും സി പി എമ്മും തയാറാകണമെന്ന് വി ഡി സതീശന് ആവശ്യപ്പെട്ടു.
ക്രിമിനലുകളുടെ ആക്രമണത്തെ രക്ഷാപ്രവര്‍ത്തനം എന്ന് ന്യായീകരിച്ച് കലാപത്തിന് ആഹ്വാനം നല്കിയ മുഖ്യമന്ത്രി കേരളത്തെ കലാപഭൂമിയാക്കി മാറ്റിയിരിക്കുന്നു. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന പദവി മറന്ന് ക്രിമിനല്‍ സംഘവുമായി സഞ്ചരിക്കുന്ന പിണറായി ഗുണ്ടാത്തലവന്റെ നിലയിലേക്ക് അധ:പതിച്ചിരിക്കുകയാണെന്നും വി ഡി സതീശന് പറഞ്ഞു.
രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരാനാണ് തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ ഞങ്ങള്‍ക്കും തിരിച്ചടിക്കേണ്ടി വരും. അധികാരത്തിന്റെ ധാര്ഷ്ട്യത്തില് പിണറായി വിജയന് മാത്രമല്ല കൊടും ക്രിമിനലുകളായ അണികള്‍ക്കും സമനില തെറ്റിയിരിക്കുകയാണെന്നും വി ഡി സതീശന് പറഞ്ഞു.