പരിചയക്കാര്‍ വിളിച്ച ഓട്ടം മരണത്തിലേക്കായി, ഏകമകളുടെ നിക്കാഹിന് കൈകൊടുക്കാന്‍ വിധി അബ്ദുല്‍ മജീദിനെ അനുവദിച്ചില്ല

Malappuram

മഞ്ചേരി: മകളുടെ വിവാഹ തലേന്ന് പരിചയക്കാര്‍ വിളിച്ച ഓട്ടം മരണത്തിലേക്കാണെന്ന് അബ്ദുല്‍ മജീദ് അറിഞ്ഞില്ല. ഇന്നലെ വൈകിട്ട് മലപ്പുറം മഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഓട്ടോഡ്രൈവര്‍ അബ്ദുല്‍മജീദ് യാത്രയായത് ഏക മകളുടെ നിക്കാഹിന് സാക്ഷിയാകാന്‍ കഴിയാതെ. ഇന്നാണ് അബ്ദുല്‍മജീദിന്റെ മകളുടെ നിക്കാഹ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വരന് കൈകൊടുത്ത് ചടങ്ങ് നടത്താന്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല.

മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് അബ്ദുല്‍ മജീദ്. മകളുടെ നിക്കാഹ് സംബന്ധമായ തിരക്കുകളിലായിരുന്നു അബ്ദുല്‍ മജീദ്. പരിചയക്കാര്‍ ഓട്ടത്തിന് വിളിച്ചതുകൊണ്ടാണ് ഒന്നും നോക്കാതെ പുറപ്പെട്ടത്. പൊതു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ഇദ്ദേഹം നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു. എന്നാല്‍ മകളുടെ വിവാഹം നടത്താന്‍ പോലും അനുവദിക്കാതെ വിധി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയതിന്റെ നടുക്കത്തിലാണ് ഇവിടുത്തുകാര്‍.

മഞ്ചേരി കിഴക്കേതലയില്‍ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് ഇന്നലെ വൈകിട്ട് ആറുമണിക്ക് അപകടത്തില്‍ പെട്ടത്. കര്‍ണാടകയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിനെ കൂടാതെ ഓട്ടോയിലെ യാത്രക്കാരായ മുഹ്‌സിന സഹോദരി തസ്‌നീമ, തസ്‌നിമയുടെ മക്കളായ മോളി(7), റൈസ(3) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സാബിറ, മുഹമ്മദ് നിഷാദ്(11), ആസാ ഫാത്തിമ(4), മുഹമ്മദ് അസാന്‍, റൈഹാന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിലാണ്.