കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് കെ പി സി സിയുടെ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കം

Kerala

ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടി മാത്രമാണ് മോദിയുടെ ഗ്യാരണ്ടി; പിണറായി പ്രതിയാകാത്തത് ബി ജെ പിയുമായുള്ള അന്തര്‍ധാര കാരണം

കാസര്‍ഗോഡ്: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് കാസര്‍ക്കോട്ട് തുടക്കം. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ 42 % ചെറുപ്പക്കാരും തൊഴിലില്ലായ്മ അനുഭവിക്കുകയാണെന്നും പത്ത് വര്‍ഷം കൊണ്ട് കര്‍ഷകര്‍ക്ക് ശരാശരി ഒരു ലക്ഷം രൂപയുടെ കടബാധ്യത വരുത്തിയെന്നും കെ സി വേണുഗോപാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു. എന്നിട്ട് ഇപ്പോള്‍ മോദി ഗ്യാരണ്ടി പറയുകയാണ്. നേരത്തെ പറഞ്ഞ ഗ്യാരണ്ടികള്‍ എവിടെപ്പോയി? ഈ തട്ടിപ്പ് ഗ്യാരണ്ടിയില്‍ ഇന്ത്യാ രാജ്യം വീഴില്ല എന്ന് മോദി ഓര്‍ക്കണം. ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടി മാത്രമാണ് മോദിയുടെ ഗ്യാരണ്ടി.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ ന്യായമായ എല്ലാ വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചിട്ടുണ്ട്. എന്നാല്‍, ധൂര്‍ത്ത് നടത്താന്‍ വേണ്ടി ഇറങ്ങിയാല്‍ അംഗീകരിക്കില്ല. നരേന്ദ്ര മോദിക്ക് മുന്നില്‍ കവാത്ത് മറക്കുന്ന പിണറായി ഗവര്‍ണറോട് ഏറ്റുമുട്ടി ശ്രദ്ധ തിരിക്കുകയാണ്. ബംഗാള്‍ മോഡലിലേക്ക് സി പി എമ്മിനെ കൊണ്ടെത്തിക്കാന്‍ ക്വട്ടേഷന്‍ എടുത്ത നേതാവാണ് പിണറായി വിജയനെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.

നാട് നില്‍ക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും പിണറായിയുടെ ഏകാധിപത്യത്തിനും നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനും എതിരെയാണ് ഈ യാത്രയെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പിണറായിയുടെ ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണ്. ഇവിടെ ഭരണ സംവിധാനം ഇല്ലാത്ത അവസ്ഥയാണ്. പിണറായിക്ക് എതിരെ എത്ര കേസുകള്‍ ഉയര്‍ന്നു വന്നുവെന്നും ഇതിലൊന്നും പ്രതിയാകാത്തത് ബി ജെ പിയുമായുള്ള അന്തര്‍ധാര കാരണമാണെന്നും കെ സുധാകരന്‍ തുറന്നടിച്ചു.

പിണറായിയുടെ മുന്‍ സെക്രട്ടറി ഇന്ന് ജയിലിലാണ്. എന്നിട്ടും പിണറായി മാത്രം പ്രതിയായില്ല. എസ് എന്‍ സി ലാവലിന്‍ കേസ് എന്തായി? സ്വര്‍ണക്കടത്ത് എന്തായി? 14 അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്നു വന്നു. അന്വേഷണം നടന്നിരുന്നു എങ്കില്‍ പിണറായി ജയിലില്‍ പോയേനെയെന്നും കെ സുധാകരന്‍ ആരോപിച്ചു.

ഫാസിസവും കമ്മ്യൂണിസവും സന്ധി ചെയ്തത് രണ്ടാം ലോക മഹായുദ്ധത്തിലെ കറുത്ത എടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇവിടെ മോദിയും പിണറായിയും സന്ധി ചെയ്യുന്നു. കള്ളപ്പണ കേസിലും സ്വര്‍ണക്കടത്തിലും ലൈഫ് കേസിലും പിണറായിയെ മോദി സഹായിച്ചപ്പോള്‍ കുഴല്‍പണ കേസില്‍ തിരിച്ച് സഹായിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റുകളും നേടാന്‍ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും വിഡി സതീശന പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുള്ള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ. മുരളീധരന്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.