ചെന്നൈ: വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലായി ഒളിച്ചോടിയ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ 32 കാരിയായ ഹെപ്‌സിബയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഇരുവരും ചെന്നൈ സ്വദേശികളാണെന്നും പ്രണയത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഹെപ്‌സിബ ഏതാനും വര്‍ഷം മുമ്പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. ഇതിനിടെയാണ് താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി അധ്യാപിക അടുപ്പത്തിലായി ഒളിച്ചോട്ടത്തിലെത്തിയത്.
17 കാരനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നും വ്യക്തമാകുന്നത്. ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി അന്വേഷിച്ചെങ്കിലും കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് രക്ഷിതാക്കള്‍ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
പരാതിയില്‍ തലമ്പൂര്‍ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഹെപ്‌സിബയും അതേ ദിവസം സ്‌കൂളില്‍ വന്നില്ലെന്ന് കണ്ടെത്തി. ഇരുവരുടെയും മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ പരിശോധിച്ചപ്പോള്‍ കോയമ്പത്തൂര്‍ ജില്ലയിലെ കാരമടയിലാണ് ഉള്ളതെന്ന് പൊലീസ് കണ്ടെത്തി. ഇവിടെയെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
‘ഞങ്ങള്‍ വിനോദ യാത്ര വന്നതാണെന്നാണ്’ ചോദ്യം ചെയ്യലില്‍ ഹെപ്‌സിബ പറഞ്ഞു. യാത്ര പോകണമെന്ന് നേരത്തെ പ്ലാന്‍ ചെയ്തിരുന്നു, ഇത് പ്രകാരമാണ് വിദ്യാര്‍ത്ഥിയെത്തിയതെന്നും മറ്റ് ബന്ധമില്ലെന്നുമാണ് യുവതി പറഞ്ഞത്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.