കോഴിക്കോട്: വിദേശരാജ്യങ്ങളില്‍ ജോലിക്കുള്ള വിസ ശരിയാക്കി തരാം എന്നു പറഞ്ഞ് നിരവധി ആളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശികളായ താജുദീന്‍ (31 ) മുഹമ്മദ് ഷഹര്‍ (32) കരുവാരക്കുണ്ട് എന്നിവര്‍ പൊലീസ് വലയിലായി. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ അല്‍ ഫാന്‍സ എച്ച് ആര്‍ സൊലൂഷന്‍ എന്ന സ്ഥാപനം നടത്തി വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് പണം വാങ്ങി ആളുകള്‍ക്ക് പറഞ്ഞ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിസ കിട്ടാത്തതിനാല്‍ അവര്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പേരില്‍ നടക്കാവ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ അന്വേഷണം നടത്തിയതില്‍ ഇവര്‍ ആളുകളോട് വിദേശത്ത് ഉയര്‍ന്ന ശമ്പളത്തോടുള്ള ജോലിക്കുള്ള വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചതിക്കുകയാണെന്ന് മനസ്സിലായി.
പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞ് വീട്ടില്‍ നിന്നും മാറി എറണാകുളം, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മലപ്പുറം, വയനാട് ജില്ലകളിലും ഇവര്‍ സമാനമായ രീതിയില്‍ നിരവധി ആളുകളോട് വിസ വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്തിടുന്നെന്ന് അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ഇവര്‍ മുന്‍പും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് പല ജിലകളിലും കേസ് എടുത്തിട്ടുണ്ട്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ കൈലാസ് നാഥ്. എസ്.ബി., കിരണ്‍ ശശിധര്‍, ബാബു പുതുശ്ശേരി, അസിസ്റ്റ്ന്റ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മമ്പാട്ടില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മാരായ എം.വി.ശ്രീകാന്ത്, ഹരീഷ് കുമാര്‍ സി, ജോജോ ജോസഫ്, ഗിരീഷ്.എം. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലെനീഷ്.പി.എം., ബബിത്ത് കുറുമണ്ണില്‍, വന്ദന.കെ.ടി. എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറത്ത് സ്വന്തം വീട്ടില്‍ താജുദീന്‍ എത്തിയിട്ടുണ്ടെന്ന് നടക്കാവ് ഇന്‍സ്‌പെക്ടര്‍ക്ക് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍, അര്‍ദ്ധരാത്രി പൊലീസ് വീട്ടില്‍ എത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, വീടിന് മുകളില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്ന പ്രതിയെ വീടിന് മുകളില്‍ കയറി കസ്റ്റ്ഡിയില്‍ എടുക്കുകയായിരുന്നു. പാണ്ടിക്കാട് വാടക വീട്ടില്‍ നിന്നാണ് ഒളിവില്‍ കഴിഞ്ഞ് വരുന്ന മുഹമ്മദ് ഷഹറിനെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് ചെയ്ത ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് നാലാം കോടതിയില്‍ ഹാജരാക്കിയ താജുദീനെ റിമാന്റ് ചെയ്ത കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. നിരവധി ആളുകളെ പറ്റിച്ച് പണം വാങ്ങിയതിനാല്‍ ഇവരുടെ പേരില്‍ കോഴിക്കോട് ജില്ലയില്‍ ഇനിയും ധാരാളം പരാതികള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. കൂട്ടുപ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുമുണ്ട്.