കോഴിക്കോട്: ജാതിയെ ആര്‍ക്കാണ് പേടി’ എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ ‘യഥാര്‍ത്ഥത്തില്‍ ജാതിയെ ആര്‍ക്കാണ് പേടി’ എന്നു തിരിച്ചു ചോദിക്കുകയാണ് സണ്ണി എം കപ്പിക്കാട് ,
മായ പ്രമോദ്, ടി. എസ്. ശ്യാംകുമാര്‍, കെ അംബുജാക്ഷന്‍ എന്നിവര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയിലാണ് ജാതിയെ പേടിയുള്ളത് തങ്ങള്‍ക്കല്ലെന്ന് പ്രഭാഷകര്‍ ഒരുമിച്ച് പ്രഖ്യാപിച്ചത്.
ജാതി വ്യവസ്ഥ ഇന്നും പിന്തുടരുന്നത് യുക്തിസഹമോ നിര്‍ബന്ധിതമോ ആയ കാരണങ്ങളാലല്ല, മറിച്ച് ജാതിവ്യവസ്ഥ ഇല്ലാതായാല്‍ തങ്ങളുടെ പ്രത്യേകാവകാശങ്ങള്‍ നഷ്ടപ്പെടുമെന്ന സവര്‍ണരുടെ ഭയം മൂലമാണെന്ന് സണ്ണി എം കപിക്കാട് അഭിപ്രായപ്പെട്ടു. ജാതിവ്യവസ്ഥയെ കുറിച്ചുള്ള സംസാരങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ മലയാളികള്‍ക്കിടയിലുള്ള ഒഴിവാക്കല്‍ പ്രവണതയും മടിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിയെക്കുറിച്ച് പറയേണ്ടി വരുമ്പോള്‍ മലയാളികളൊന്നാകെ അല്‍ഷിമേഴ്‌സ് ബാധിച്ച പോലെ പെരുമാറുമെന്ന വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തി. ജാതി ഉന്മൂലനത്തിന് കൃത്യമായ പദ്ധതികള്‍ കൊണ്ടുവരണം എന്നദ്ദേഹം വ്യക്തമാക്കി. ദളിത് ചിന്തകര്‍ നേരിടുന്ന അവഗണനകളെ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യന്‍ അക്കാദമിക് മേഖലയില്‍ നിലനില്‍ക്കുന്ന ദാര്‍ശനിക ബ്രാഹ്മണര്‍, എംപിരിക്കല്‍ ശൂദ്രര്‍ എന്ന ദ്വന്ദത്തെയും വിമര്‍ശിച്ചു.
മനുഷ്യര്‍ തുല്യരാണ് എന്ന തിരിച്ചറിവുണ്ടാവുമ്പോള്‍ തങ്ങളുടെ പ്രത്യേകാവകാശങ്ങള്‍ നഷ്ടപ്പെടുന്ന ബ്രാഹ്മണാദികള്‍ക്കാണ് ജാതിയെ പേടി എന്ന് ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ ഉദ്ദരിച്ചു കൊണ്ട് ടി. എസ്. ശ്യാംകുമാര്‍ പറഞ്ഞു. ആരുടെ കയ്യിലാണ് അധികാരവും ഭൂസ്വത്തും കേന്ദ്രീകൃതമായിരിക്കുന്നതെന്നത് സമൂഹത്തിന് വ്യക്തമാവുമെന്ന ഭയം കൊണ്ടാണ് ജാതി സെന്‍സസിനെ സവര്‍ണര്‍ എതിര്‍ക്കുന്നത്. പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ അധികാരത്തില്‍ വരുമോ എന്ന പേടിയും ഇതിനുപിന്നിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതിയെ ആര്‍ക്കാണ് പേടി എന്നതിനേക്കാള്‍ ജാതി സെന്‍സസിനെ ആര്‍ക്കാണ് പേടി എന്ന വിഷയത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നമ്മള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് മായ പ്രമോദ് അഭിപ്രായപ്പെട്ടു. ജാതിയെ, ജാതിവ്യവസ്ഥയെ, ജാതി സെന്‍സസിനെ ആര്‍ക്കാണ് പേടി എന്നീ മൂന്നു ചോദ്യങ്ങള്‍ മുന്നോട്ടു വച്ചു കൊണ്ടാണ് മായ പ്രമോദ് സംസാരിച്ചത്.
സ്ത്രീ, ദളിത് സ്ത്രീ, റശമെയഹലറ ദളിത് സ്ത്രീ എന്നീ സ്വത്വങ്ങളില്‍ നിന്നുകൊണ്ട് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച അവര്‍ നീതിന്യായവ്യവസ്ഥയുടെ മുന്നിലെത്തുന്ന ദളിത് വ്യക്തികള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതെങ്ങനെയാണെന്നും വിശദീകരിച്ചു.
ജാതി ബലിയാടാക്കിയ തങ്ങള്‍ക്ക് ജാതിയെ ഭയമില്ലെന്നും ജാതിയെ ഭയപ്പെടുകയല്ല ജാതിവ്യവസ്ഥ എന്താണെന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നുമുള്ള തിരിച്ചറിവ് കൊണ്ടുവരികയാണ് വേണ്ടതെന്നുമുള്ള ആശയം മുന്നോട്ടുവച്ചു കൊണ്ട് കെ. അംബുജാക്ഷന്‍ സംസാരിച്ചു. ഒരു ദലിതന്‍ അധികാര കസേരയില്‍ എത്തണമെങ്കില്‍ അവനൊരു മൂട്ടയായി പുനര്‍ജനിക്കണമെന്ന എം കുഞ്ഞാമന്റെ അഭിപ്രായത്തെ അദ്ദേഹം ഉദ്ദരിച്ചത് സദസ്സില്‍ സജീവ ചര്‍ച്ചയ്ക്ക് വഴിവെച്ചു.
ജാതിക്കെതിരെയുള്ള പ്രത്യയശാസ്ത്രമാണ് ഇന്ത്യന്‍ ഭരണഘടന, അത് സംരക്ഷിക്കാനും നടപ്പിലാക്കാനും ജാതി വ്യവസ്ഥയുടെ ബലിയാടുകളായ ആളുകള്‍ മുന്നിട്ട് വരണമെന്ന് അഭ്യസിച്ചുകൊണ്ടാണ് ചര്‍ച്ച അവസാനിപ്പിച്ചത്.
ദിവ്യ ചന്ദ്രശോഭയാണ് സെഷന്‍ മോഡറേറ്റ് ചെയ്തത്.