തൃശൂര്‍: അത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ടീമിന്റെ ജഴ്‌സിയും ആന്തവും പുറത്തിറക്കി. ടൈറ്റന്‍സിന്റെ പരിശീലകനും മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സുനില്‍ ഒയാസിസ്, ടീമംഗം വരുണ്‍ നായനാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചലച്ചിത്രതാരം ദേവ് മോഹന്‍, ടൈറ്റന്‍സ് ടീം ഉടമ സജ്ജാദ് സേട്ട്, എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി പുറത്തിറക്കിയത്. ചടങ്ങില്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ ക്യാപ്പ്റ്റനായി വരുണ്‍ നായനാരെ പ്രഖ്യാപിച്ചു.
‘ഞങ്ങള്‍ തൃശൂര്‍ ടൈറ്റന്‍സ്’ എന്ന ടീം ആന്തം ടൈറ്റന്‍സ് ടീം സിഇഒ ശ്രീജിത്ത് രാജന്‍ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവായ ബി കെ ഹരിനാരായണന്‍ രചിച്ച ആന്തത്തിന് സംഗീതം നല്‍കിയിരിക്കുന്നത് നിരഞ്ജ് സുരേഷാണ്. സച്ചിന്‍ വാര്യറും നിരഞ്ജ് സുരേഷും ചേര്‍ന്നാണ് ആന്തം സോങ്ങ് ആലപിച്ചിരിക്കുന്നത്.
തൃശൂരിന്റെ സ്വന്തം പൂരത്തില്‍ നിന്നും അതിന്റെ പീതവര്‍ണത്തില്‍ നിന്നും സമൃദ്ധമായ പ്രകൃതിയുടെ പച്ചപ്പില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് ടൈറ്റന്‍സിന്റെ ജഴ്സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉത്സവനഗരിയായ തൃശൂരിനും ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന്റെ പ്രകൃതിമനോഹാരിതയ്ക്കുമുള്ള സമര്‍പ്പണമാണ് ജഴ്സിയുടെ രൂപകല്പ്പനയെന്ന് ടീം ഉടമ സജ്ജാദ് സേട്ട് പറഞ്ഞു.
‘ക്രിക്കറ്റുമായി ഞങ്ങള്‍ക്ക് തുടക്കം മുതലേ ഒരു ആത്മബന്ധമുണ്ടായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് കളിക്കാര്‍ക്ക് വളരെ ശോഭനമായ ക്രിക്കറ്റിങ് ഭാവി സ്വപ്നം കാണാനുള്ളൊരു മികച്ച അവസരമാണ്. അതിന് പുറമേ കേരളത്തില്‍ ക്രിക്കറ്റ് കളിയുടെ നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളില്‍ സഹായിക്കാന്‍ കഴിയുന്നതിലൂടെ മുന്‍ കളിക്കാരെന്ന നിലയില്‍ ഈ കായികയിനത്തിന് എന്തെങ്കിലും തിരിച്ചുനല്‍കാനുള്ള അവസരമാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഭാവിയില്‍ കേരളത്തില്‍ നിന്നുള്ള കൂടുതല്‍ കളിക്കാര്‍ ടെസ്റ്റ് മത്സരങ്ങളിലും, ട്വന്റി ട്വന്റി മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിയുകയും ഐപിഎല്‍ ടീമുകളില്‍ ഇടം നേടുകയും ചെയ്യുമെന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്’, സജ്ജാദ് സേട്ട് പറഞ്ഞു.
സെഞ്ച്വറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും വരുണിന് സ്വന്തമാണ്. അഭിഷേക് പ്രതാപ് (ഓള്‍ റൗണ്ടര്‍), മോനു കൃഷ്ണ (വിക്കറ്റ് കീപ്പര്‍), ആദിത്യ വിനോദ് (ബൗളര്‍), അനസ് നസീര്‍ (ബാറ്റ്സ്മാന്‍), മൊഹമ്മദ് ഇഷാഖ് (ബൗളര്‍), ഗോകുല്‍ ഗോപിനാഥ് (ബൗളര്‍), അക്ഷയ് മനോഹര്‍ (ഓള്‍ റൗണ്ടര്‍), ഇമ്രാന്‍ അഹമ്മദ് (ഓള്‍ റൗണ്ടര്‍), ജിഷ്ണു എ (ഓള്‍ റൗണ്ടര്‍), അര്‍ജുന്‍ വേണുഗോപാല്‍ (ഓള്‍ റൗണ്ടര്‍), ഏഥന്‍ ആപ്പിള്‍ ടോം (ഓള്‍ റൗണ്ടര്‍) വൈശാഖ് ചന്ദ്രന്‍ (ഓള്‍ റൗണ്ടര്‍), മിഥുന്‍ പികെ (ഓള്‍റൗണ്ടര്‍), നിതീഷ് എംഡി (ബൗളര്‍), ആനന്ദ് സാഗര്‍ (ബാറ്റ്‌സ്മാന്‍), നിരഞ്ചന്‍ ദേവ് (ബാറ്റ്‌സ്മാന്‍) എന്നിവരാണ് ടൈറ്റന്‍സിലെ മറ്റ് ടീം അംഗങ്ങള്‍. സെപ്റ്റംബര്‍ 2 മുതല്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. തൃശൂര്‍ ടൈറ്റന്‍സ് കൂടാതെ, മറ്റു അഞ്ച് ടീമുകള്‍ കൂടി മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്