കൊച്ചി: വേള്‍ഡ് ബോക്‌സിങ് കൗണ്‍സിലിന്റെ (ഡബ്ല്യു ബി സി) ജീവ കാരുണ്യ വിഭാഗമായ ഡബ്ല്യു ബി സി കെയര്‍ ഇന്ത്യാ റീജ്യന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബോക്‌സിങ് അക്കാദമികള്‍ ആരംഭിക്കുമെന്ന് രാജ്യാന്തര പ്രമോട്ടര്‍ ഡസ്റ്റന്‍ പോള്‍ റൊസാരിയോ അറിയിച്ചു. കൊച്ചിയിലെ ടൈറ്റില്‍ ബോക്‌സിങ് ക്ലബുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് ജില്ലകളിലായി ഇരുന്നൂറോളം ബോക്‌സിങ് ക്ലബുകളും തുടങ്ങും.
ഡബ്ല്യു ബി സി കെയര്‍ നവംബറില്‍ ഓസ്ട്രലിയയിലെ മെല്‍ബണില്‍ നടത്തുന്ന ചാരിറ്റി ബോക്‌സിങ്ങിലൂടെയാവും ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുക. ഒളിമ്പ്യന്‍ മനോജ് കുമാര്‍, ഡബ്ല്യു ഐ ബി എ ലോക ചാമ്പ്യന്‍ ഉര്‍വശി സിങ്, കൊച്ചി ടൈറ്റില്‍ ബോക്‌സിങ്ങ് ക്ലബ് എം ഡി കെ എസ് വിനോദ് തുടങ്ങിയവര്‍ പങ്കെടുക്കും. മെല്‍ബണിലെ ആദ്യ മത്സരം മനോജ് കുമാറും കെ എസ് വിനോദും തമ്മിലാണ്.
ഓസ്രേലിയന്‍ മുന്‍മന്ത്രിയും എം പിയുമായ ജെയ്‌സണ്‍ വുഡ്, ഡബ്ല്യു ബി സി കെയര്‍ ഇന്ത്യ അംബാസിഡര്‍ റോഷന്‍ നദാനിയേല്‍, ഹൈബി ഈഡന്‍ എം പി, സീനിയര്‍ സ്റ്റാന്റിങ് കോണ്‍സല്‍ അഡ്വ. കെ വി സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.