കോഴിക്കോട്: ഇന്ന് ഡൽഹിയിൽ നടന്ന, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പത്ര സമ്മേളനം വർത്തമാന ഇന്ത്യയുടെ ഗതി നിർണയിക്കാവുന്ന സുപ്രധാനമായ ഒന്നാണ്. രാജ്യം അകപ്പെട്ടിരിക്കുന്ന അതീവ ഗുരുതര സാഹചര്യങ്ങൾ രാഹുൽ ഗാന്ധി തെളിവുകൾ സഹിതം വ്യക്തമാക്കിയിരിക്കുന്നു. ഏറെ ശ്രമകരവും ദുർഘടവുമായ ദൗത്യമാണ് രാഹുൽഗാന്ധിയും കോൺഗ്രസ് പാർട്ടിയും ഏറ്റെടുത്തിട്ടുള്ളത്. മനപ്പൂർവ്വം എന്ന് കരുതപ്പെടാവുന്ന വിധം 40 ലക്ഷത്തിൽ പരം കള്ളവോട്ടുകൾ ചേർത്ത് ജനാധിപത്യ, തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കും വിധമുള്ള നീക്കം തെളിവുകൾ നിരത്തി സമർപ്പിച്ച രാഹുൽഗാന്ധിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണം നീതിയുക്തമായി നടക്കണം. എന്നാൽ ഇലക്ഷൻ കമ്മീഷന്റെ മൗനം ഭാരതത്തെ ഏറെ ഭയപ്പെടുത്തുന്നു. മതേതര ജനാധിപത്യ പാർട്ടികൾ അവരുടെ അടിത്തറകൾ ശക്തിപ്പെടുത്തിയും പൊതുജനത്തെ ബോധവൽക്കരിച്ചും ഈ പ്രതിസന്ധിയെ തരണം ചെയ്യേണ്ട സമയമാണിത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഒട്ടും സുതാര്യമല്ലാതെ പെരുമാറുന്ന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ പ്രവർത്തനം ഏറെ സംശയാസ്പദമാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഈ വെളിപ്പെടുത്തൽ ഇന്ത്യയുടെ ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ കക്ഷികളും ഗൗരവത്തോടെ എടുത്ത് ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ ഒന്നിച്ചു നിൽക്കേണ്ട ചരിത്രപ്രധാനമായ സന്ദർഭമാണിത്. ഭരണഘടന സ്ഥാപനങ്ങളും നിയമ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് കുതന്ത്രങ്ങളെ നമുക്ക് പരാജയപ്പെടുത്താൻ കഴിയാതെ പോയാൽ 8 പതിറ്റാണ്ടായി നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നിരർത്ഥകമായി പോകുമെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.
