പാനൂർ: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചരിത്ര വിജയവുമായി കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ. അറബിക് കലോത്സവത്തിൽ മത്സരിച്ച അഞ്ച് ഇനങ്ങളിൽ നാല് ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഒരിനത്തിൽ എ ഗ്രേഡും കരസ്ഥമാക്കി.
യു പി അറബിക് വിഭാഗത്തിൽ കണ്ണൂർ ജില്ലയിൽ ഓവറോൾ മൂന്നാം സ്ഥാനവും സ്ക്കൂൾ കരസ്ഥമാക്കി. അറബിക് സാഹിത്യോത്സവത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതും കടവത്തൂർ വെസ്റ്റ് യുപി സ്കൂളാണ്.
യു പി വിഭാഗം അറബിക് സംഘഗാന മത്സരത്തിൽ ഗസ്സയുടെ നൊമ്പരങ്ങൾ അറിഞ്ഞ് പാടിയാണ് ഒന്നാം സ്ഥാനം നേടിയത്. ഫദ് വ ദാവൂദ് , മയാസ ഫാത്വിമ , ഫൈഹ ഫതീൻ , ഫാത്വിമ കെ , റിദ സൈനബ , അംറ നവാർ , സംറ സമീർ എന്നീ വിദ്യാർത്ഥികളാണ് സംഘഗാന മത്സരത്തിൽ പങ്കെടുത്തത്.
ഇസ്രായേലിൻ്റെ കിരാതമായ അക്രമങ്ങൾക്ക് ഇരയായി ദിവസവും മരിച്ചു വീഴുന്ന ഫലസ്ത്വീനി പിഞ്ചോമനകളുടേയും മറ്റും നൊമ്പരങ്ങൾ ആയിരുന്നു സംഘഗാനത്തിൻ്റെ ഇതിവൃത്തം.