നൂതന കര്‍മ്മ പദ്ധതിയുമായിയു കെ എഫ് പോളിടെക്നിക് എന്‍ എസ് എസ് യൂണിറ്റ്

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് പോളിടെക്നിക്കിലെ എന്‍എസ്എസ് യൂണിറ്റിന്‍റെ 2025-26 കര്‍മ പദ്ധതികളുടെ ഉദ്ഘാടനം കേരള സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. ആര്‍ എന്‍. അന്‍സര്‍ നിര്‍വഹിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന്‍റെ ഭാഗമായി പാരിപ്പള്ളി ഇ എസ് ഐ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ക്ഷേമ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കും ഭക്ഷണ വിതരണം നടത്തി.

നډയുടെ കാവലാളാവാനും, ഒപ്പം മാറുന്ന കാലത്തിന്‍റെ സാധ്യതകള്‍ തേടാനും, വിദ്യാര്‍ത്ഥി സമൂഹത്തിന് ഒരുമയുടെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും, പരസ്പര സഹകരണത്തിന്‍റെയും സംയമനത്തിന്‍റെയും ഉദാത്ത മാതൃകകള്‍ സൃഷ്ടിച്ച് പുരോഗമനപരമായ സാമൂഹ്യമാറ്റം കുറിക്കുവാനും യുകെഎഫ് കോളേജിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ മാതൃകപരമാണെന്ന് സ്റ്റേറ്റ് എന്‍ എസ് എസ് ഓഫീസര്‍ ഡോ. ആര്‍ എന്‍. അന്‍സര്‍ പറഞ്ഞു. യു കെ എഫ് എന്‍ജിനീയറിങ് കോളേജിലെയും യു കെ എഫ് പോളിടെക്നിക്കിലെയും എന്‍എസ്എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ പരിശീലനം, പാവപ്പെട്ടവര്‍ക്ക് വേണ്ടി ഭവന നിര്‍മ്മാണം, സ്വയംതൊഴില്‍ പരിശീലനം, പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി ക്യാമ്പസിനകത്തും പുറത്തുമായി പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും സംഘടിപ്പിക്കുക, തുടങ്ങിയവ വരും കാലയളവില്‍ സംഘടിക്കുമെന്നും അതിനു വേണ്ടിയുള്ള പദ്ധതി രൂപരേഖ തയ്യാറായി വരികയാണെന്നും കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് അറിയിച്ചു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് യു കെ എഫ് പോളിടെക്നിക് എന്‍ എസ് എസ് യൂണിറ്റ് 668 ന്‍റെ ലോഗോ പ്രകാശനവും നടന്നു. യു കെ എഫ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയരാജു മാധവന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, പോളിടെക്നിക് അക്കാദമിക് ഹെഡ് പ്രൊഫ. എല്‍ എസ്. സൂര്യ, പോളിടെക്നിക് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ഹൃദയ് കിഷോര്‍, എന്‍എസ്എസ് യൂണിറ്റ് വോളണ്ടിയര്‍ സെക്രട്ടറി അതുല്യ സന്തോഷ് എന്നിവര്‍ സംസാരിച്ചു.