കൊണ്ടോട്ടി: എട്ട് ദിവസം കലയുടെ രാപ്പകലുകള്‍ സമ്മാനിച്ച മഹോത്സവം സമാപിച്ചു. സമാപന സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കലകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്റെ നയമെന്നും അതിനാല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിക്ക് കഴിയുന്ന എല്ലാ സഹകരണവും സഹായവും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
സമാപന സമ്മേളനത്തില്‍ ടി.വി. ഇബ്രാഹിം എം.എല്‍എ. അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം സുഭദ്ര ശിവദാസന്‍, പി.കെ.സി. അബ്ദുറഹിമാന്‍, അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, ടി.കെ. ഹംസ, എന്‍. പ്രമോദ് ദാസ്, ബഷീര്‍ ചുങ്കത്തറ, പുലിക്കോട്ടില്‍ ഹൈദരാലി, ഫൈസല്‍ എളേറ്റില്‍, പി. അബ്ദുറഹിമാന്‍, രാഘവന്‍ മാടമ്പത്ത്, ഒ.പി. മുസ്തഫ, വി. നിഷാദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അക്കാദമിക്കുവേണ്ടി ജിംസിത്ത് അമ്പലപ്പാട്ട് നിര്‍മ്മിച്ച ”പാട്ടും ചുവടും” എന്ന ഡോക്യുമെന്ററി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. മാപ്പിളകലാ ക്വിസ് റിയാലിറ്റി ഷോ, അന്താക്ഷരി മത്സരം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ റഹീന കൊളത്തറക്കുള്ള ഉപഹാരം മന്ത്രി നല്‍കി. മണ്‍മറഞ്ഞ കലാപ്രതിഭകളുടെ ഫോട്ടോ അനാച്ഛാദനം അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി നിര്‍വ്വഹിച്ചു. റംലാ ബീഗം, വിളയില്‍ ഫസീല, പി. ജയചന്ദ്രന്‍, മൊയ്തു പടിയത്ത്, റസാഖ് പയമ്പ്രോട്ട്, ആദം നെടിയനാട്, പുലാമന്തോള്‍ അബൂബക്കര്‍, അസ്മ കൂട്ടായി, ഡോ. വി. കുഞ്ഞാലി, പി.പി.എം. കുട്ടി എടയൂര്‍, പരീത് ഗുരുക്കള്‍ പാടൂര്‍, പീര്‍ അലി ഷാ, എം.ടി.വാസുദേവന്‍ നായര്‍, എസ്.എം. സര്‍വര്‍, കെ. മുഹമ്മദുണ്ണി ഹാജി, സീതി.കെ. വയലാര്‍, പി.എച്ച്. അബ്ദുല്ല മാസ്റ്റര്‍, തുടങ്ങിയവരുടെ ഫോട്ടോകള്‍ അനാച്ഛാദനം ചെയ്തു.
ഉച്ചക്ക് നടന്ന ഖിസ്സപ്പാട്ട് സംഗമം പക്കര്‍ പന്നൂര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. ഹംസ, അബ്ബാസ് കൊണ്ടോട്ടി തുടങ്ങിയവര്‍ സംസാരിച്ചു. വൈദ്യര്‍ കാവ്യങ്ങള്‍ ഖിസ്സപ്പാട്ടിലൂടെ എന്ന പേരില്‍ നടത്തിയ ഖിസ്സപ്പാട്ട് സംഗമത്തില്‍ മുഹമ്മദ് കുമ്പിടി(എലിപ്പട), സാദിഖ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്(ബദര്‍ പടപ്പാട്ട്), സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍(ഉഹ്ദ് പടപ്പാട്ട്), അഹമ്മദ് കുട്ടി മൗലവി മാവണ്ടിയൂര്‍(മലപ്പുറം പട), ഇബ്രാഹീം മൗലവി വെള്ളേരി (സലാസീല്‍) എന്നീ വൈദ്യര്‍ കാവ്യങ്ങള്‍ അവതരിപ്പിച്ചു. വൈകിട്ട് ഹിലാല്‍ മഞ്ചേരി അവതരിപ്പിച്ച മുട്ടിപ്പാട്ട് അരങ്ങേറി. ശേഷം ”ഇശല്‍ മഴ” എന്ന മാപ്പിളപ്പാട്ട് ട്രൂപ്പുകളുടെ മത്സരത്തോടെ ഈ വര്‍ഷത്തെ വൈദ്യര്‍ മഹോത്സവം സമാപിച്ചു.