കണ്ണൂർ: ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ഹരിതം പബ്ലിക്കേഷൻസ് പുറത്തിറക്കിയ കെ.എൽ.പി ഹാരിസ് അഹമ്മദിൻ്റെ “ഖയാൽ” കവിതാ സമാഹാരം ജന്മദേശമായ വളപട്ടണം ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌തുംകടവ് സാമൂഹിക പ്രവർത്തകൻ എളയടത്ത് അശ്രഫിന് പുസ്തകത്തിൻ്റെ കോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു.
വർഷങ്ങളോളം മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്ന വിത്തുകൾ അനുകൂല സാഹചര്യം വന്നെത്തുംബോൾ അത് തളിർത്ത് വളർന്ന് പൂക്കളും കായ്കനികളും ഉണ്ടാകുന്നത് പോലെ ഹാരിസ് അഹമദിൻ്റെ ചിന്തയിലൂടെ പൂത്തുലഞ്ഞു വന്ന വസന്തമാണ് “ഖയാൽ” കവിത സമാഹാരമെന്ന് ശിഹാബുദ്ധീൻ പൊയ്തുംകടവ് പറഞ്ഞു.
പ്രണയം എന്നത് മനുഷ്യർക്കിടയിൽ മാത്രം നടക്കുന്നതും ഒതുങ്ങി നിർത്തേണ്ടതുമായ ഒരു വികാരമല്ലെന്നും ദൈവത്തോടും പ്രപഞ്ചത്തോടും അതിലെ മുഴുവൻ ചരാചരങ്ങളോടും കൂടി പങ്കുവെക്കാനുള്ളതും കൂടിയാണെന്നത് ഹാരിസ് അഹമദിൻ്റെ ഈ കവിതാ സമാഹാരം ചൂണ്ടിക്കാട്ടുന്നുവെന്നും ശിഹാബുദ്ധീൻ പൊയ്തുംകടവ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഹരിതം ബുക്ക്സ് പ്രസാധകൻ പ്രതാപൻ തായാട്ട് പുസ്തകത്തെ പരിചയപ്പെടുത്തി. പാറാൽ ദാറുൽ ഇർശാദ് അറബിക്ക് കോളേജ് റിട്ട. പ്രിൻസിപ്പാൾ ശംസുദ്ദീൻ പാലക്കോട്, ലൈബ്രേറിയൻ ബിനോയ് മാത്യു, എഴുത്തുകാരി ഷമീമ വളപട്ടണം, ലിഷ ബിനോയ്, പുസ്തക രചയിതാവ് കെ.എൽ.പി ഹാരിസ് അഹമദ് എന്നിവർ പ്രസംഗിച്ചു.