കവീക്കുന്ന്: കവീക്കുന്ന് പാമ്പൂരാംപാറ റോഡിലുള്ള പഴയപുരയ്ക്കല്‍ പാലത്തില്‍ ദ്വാരം രൂപപ്പെട്ട് അപകടാവസ്ഥയിലായി. ഇവിടെ നിര്‍മ്മിച്ച ചെക്കുഡാമിനു മുകളിലൂടെയുള്ള പാലത്തിലാണ് വലിയ ദ്വാരം രൂപപ്പെട്ടത്. രാത്രി കാലത്തോ സ്ഥിരം യാത്രികരോ അല്ലാത്തയാളുകള്‍ വരുകയോ ചെയ്താല്‍ വാഹനം കുഴിയില്‍ ചാടി അപകട സാധ്യത നിലനില്‍ക്കുകയാണ്. നാട്ടുകാര്‍ അപകട സാഹചര്യം കണക്കിലെടുത്ത് ഇവിടെ കമ്പുകള്‍ ഉയര്‍ത്തിച്ചിട്ടുള്ളതുമാത്രമാണ് ഏക മുന്നറിയിപ്പ്. വലിയ മൂന്ന് റിങ്ങുകളിറക്കി അതിനു മുകളിലൂടെയാണ് പാലം സ്ഥാപിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് പാലാ മുനിസിപ്പാലിറ്റിയും മറുഭാൗത്ത് ഭരണങ്ങാനം പഞ്ചായത്തുമാണ്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഈ റോഡില്‍പ്പെട്ട ഭരണങ്ങാനം പഞ്ചായത്തിലെ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു തരിപ്പണമായ അവസ്ഥയിലാണ്. ഇതുവഴി പോയാല്‍ തിരക്കുകളില്‍പ്പെടാതെ കവീക്കുന്ന് വഴി പാലായ്ക്കും മറുവശത്തേയ്ക്ക് പോയാല്‍ ഇടപ്പാടിയിലും പ്രവിത്താനത്തും എത്തിച്ചേരാനും സാധിക്കും. നിരവധി ആളുകളാണ് ദിനംപ്രതി ഈ റോഡിനെ ആശ്രയിക്കുന്നത്. ഇവിടുത്തെ ചെക്കു ഡാമില്‍ കുളിക്കാനും മറ്റുമായി വാഹനങ്ങളില്‍ നിരവധിയാളുകള്‍ എത്താറുമുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി പാലത്തിന്റെ അപാകതകള്‍ പരിഹരിക്കണമെന്നും തകര്‍ന്ന റോഡ് ടാര്‍ ചെയ്തു ഗതാഗതം സുഗമമാക്കണമെന്നും കവീക്കുന്ന് വികസന സമിതി ആവശ്യപ്പെട്ടു. കണ്‍വീനര്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജോസ് മുകാല, ബൈജു ഇടത്തൊട്ടി, ജോസഫ് കുര്യന്‍, ഷൈജു കാരിമറ്റത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
