പ്രവാസി വെല്‍ഫെയര്‍ യാംബു, മദീന, തബൂക്ക് മേഖല സമ്മേളനം

Gulf News GCC

മൂസ മമ്പാട് രചനയും സംവിധാനവും നിര്‍വഹിച്ച ‘അണയാത്ത ജ്വാലയും, മുറിയാത്ത ശബ്ദവും’ എന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ സംഗീത നാടകം ശ്രദ്ധേയമായി.

യാംബു: പ്രവാസി വെല്‍ഫെയര്‍ യാംബു, മദീന, തബൂക്ക് മേഖല സമ്മേളനം യാംബുവിലെ നാഗാദി ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ അനീസുദ്ദീന്‍ ചെറുകുളമ്പ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യവും പൗരാവകാശവും നിഷേധിക്കപ്പെടുന്ന ഇന്ത്യയിലെ പുതിയ സാഹചര്യത്തില്‍ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് പോരാട്ടം നടത്തേണ്ടുന്നത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയിലും മൂല്യധിഷ്ഠിത രാഷ്ട്രീയത്തിലും അധിഷ്ഠിതമായ ക്ഷേമരാഷ്ട്രം വിഭാവനം ചെയ്യുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഇതിനകം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഖല പ്രസിഡന്റ് ഷമീര്‍ കണ്ണൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മേഖല സെക്രട്ടറി നസിറുദ്ദീന്‍ ഇടുക്കി മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹപരമായ നടപടികളില്‍ ജനകീയ പ്രതിഷേധ പരിപാടികള്‍ സജീവമാക്കേണ്ടതുണ്ടെന്നും സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ നടത്തുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരിപാടികളിലും സേവന പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും വര്‍ധിച്ച പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ കമ്മിറ്റിയംഗവും കോണ്‍സുലേറ്റ് വെല്‍ഫെയര്‍ അംഗവുമായ സിറാജ് എറണാംകുളം കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രവാസമേഖലയിലെ സേവന പ്രവര്‍ത്തനങ്ങളുടെ സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു. പ്രവാസി വെല്‍ഫെയര്‍ മേഖല എക്‌സിക്യൂട്ടീവ് അംഗം ഹിദായത്തുള്ള കോട്ടായി ആശംസാ പ്രസംഗം നടത്തി.

യാംബുവിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനും ട്രെയിനറുമായ മിദ്‌ലാജ് റിദ ‘വ്യക്തിത്വവികാസത്തിന് ഒരു രൂപരേഖ’ എന്ന വിഷയത്തില്‍ പ്രസന്റേഷന്‍ നടത്തി. ഷബീബ സലാഹുദ്ദീന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസ സെമിനാറില്‍ യാംബു വിചാരവേദി പ്രസിഡന്റും എഴുത്തുകാരനുമായ അഡ്വ: ജോസഫ് അരിമ്പൂര്‍, ഡോ: അമല്‍ ഫഹദ്, സലീം വേങ്ങര, അഥീന ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഇല്‍യാസ് വേങ്ങൂരിന്റെ നേതൃത്വത്തില്‍ വിവിധ കായിക മത്സരങ്ങളും സമ്മേളനത്തോടനുബന്ധിച്ച് നടന്നു. മൂസ മമ്പാട് രചനയും സംവിധാനവും നിര്‍വഹിച്ച ‘അണയാത്ത ജ്വാലയും, മുറിയാത്ത ശബ്ദവും’ എന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ സംഗീത നാടകം ശ്രദ്ധേയമായി. സൈമ സലാഹുദ്ദീന്‍, ആയിഷ സലാഹുദ്ദീന്‍ എന്നിവര്‍ ഡാന്‍സ് അവതരിപ്പിച്ചു. ഗായകന്‍ മുസ്തഫ മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യയില്‍ ഗായകരായ തന്‍സീമ മൂസ, കബീര്‍ അടിമാലി, ബഷീര്‍ ലത്തീഫ് ആലപ്പുഴ, അഫ്ര ബഷീര്‍, അസ്‌ക്കര്‍ കുരിക്കള്‍, ഹംസ കാസര്‍കോട്, ഖാലിദ്, ഷൗക്കത്ത് എടക്കര, ഇല്‍യാസ് വേങ്ങൂര്‍ ആന്റ് ടീം തുടങ്ങിയവര്‍ ഗാനമാലപിച്ചു. ഫൈസല്‍ കോയമ്പത്തൂര്‍, യൂസുഫ് പടിഞ്ഞാറ്റുമുറി, സുറൂര്‍ തൃശൂര്‍, മുനീര്‍ കോഴിക്കോട്, അബ്ബാസ് എടക്കര, സാജിദ് വേങ്ങൂര്‍, സഹല്‍ മുനീര്‍,സുഹൈല്‍ ലല്ലു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫൈസല്‍ പത്തപ്പിരിയം സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ സഫീല്‍ കടന്നമണ്ണ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *