കോഴിക്കോട്: ഫറോക്ക് കോളേജ് എഫ് ഐ എം എസ് മാനേജ്‌മെന്റ് സ്റ്റഡീസിലെ എം ബി എ വിദ്യാര്‍ത്ഥിയെ ബേപ്പൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
2014 സെപ്റ്റംബര്‍ 18ന് ഡല്‍ഹിയില്‍ ടൂര്‍ പോയ വിദ്യാര്‍ത്ഥി പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയില്ല. കോളേജിലെ ഒരു അധ്യാപകന്റെ ശകാരം സഹിക്കാന്‍ വയ്യാത്തതുകൊണ്ടാണ് മകന്‍ മരിച്ചതെന്ന് അമ്മ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ചുങ്കം ഫറോക്ക് വളയംകുന്നത്ത് വീട്ടില്‍ സൗദാമിനി ഉണ്ണികൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഫറോക്ക് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. ജൂലൈ 14ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗ് കേസ് പരിഗണിക്കും.