ബലിപെരുന്നാള്‍ ജീര്‍ണ്ണതക്കെതിരെ ശബ്ദിക്കാനുള്ള പ്രചോദനം: പി എന്‍ അബ്ദുലത്തീഫ് മദനി

Kerala

കോഴിക്കോട്: സാമൂഹിക ജീര്‍ണ്ണതക്കും അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാള്‍ വിശ്വാസി സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് ഗാഹ് പ്രഭാഷണത്തില്‍ വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുലത്തീഫ് മദനി പറഞ്ഞു.

തിന്മകളോട് പ്രതികരിക്കാതിരിക്കുകയും നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിന് ഭൂഷണമല്ല. ഇത് സ്രഷ്ടാവിന്റെ പരീക്ഷണങ്ങള്‍ക്ക് കാരണമാകുമെന്നത് നാം മനസ്സിലാക്കണം. ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ മൗലികത. വിശ്വാസ രംഗത്തെ ജീര്‍ണ്ണതകള്‍ ഗൗരവമായി കാണുകയും വിമലീകരണം ലക്ഷ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ബാദ്ധ്യതയാണെന്നത് നാം വിസ്മരിക്കരുത്. സ്‌നേഹവും സഹവര്‍ത്വിത്തവും പങ്കുവെക്കലും സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കെതിരെ ജനാധിപത്യ മാര്‍ഗത്തില്‍ പ്രതികരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ചുമതലയാണ് ഖത്തീബ് ഓര്‍മ്മപ്പെടുത്തി.