രണ്ടാം ക്ലാസുകാരന്‍റെ കഥയില്‍ ഒരു സിനിമ ‘മഴവില്ല് തേടിയ കുട്ടി’

Kozhikode

കോഴിക്കോട്: കഥ രണ്ടാം ക്ലാസുകാരന്‍ ഹരിഗോവിന്ദിന്റേത്, കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് മൂന്നാം ക്ലാസുകാരി കൃതിക പി അനില്‍. പാട്ടുപാടിയത് മറ്റൊരു വിദ്യാര്‍ത്ഥിനിയായ മാളവിക. പേരാമ്പ്ര കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപ് തിരക്കഥയെഴുതി സംവിധാനം ചെയ്ത എട്ടുമിനുട്ട് നീളുന്ന ഹൃസ്വ ചിത്രം ‘മഴവില്ലുതേടുന്ന പെണ്‍കുട്ടി’ ഇതിനോടം നേടിയ അംഗീകാരങ്ങള്‍ അനവധിയാണ്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസിംങ് നാളെ വൈകിട്ട് നാലിന് നളന്ദഓഡിറ്റോറിയത്തിന് സമീപം മാനാഞ്ചിറ ടവറില്‍ നടക്കും.

കൂത്താളി എ.യു.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ ഹരിഗോവിന്ദ് രണ്ടാം ക്ലാസില്‍ പഠിക്കുമ്പഴാണ് ഈ കഥയെഴുതിയത്. തുടര്‍ന്ന് കോവിഡ് കാലത്ത് അത് പുസ്തകമായി ഇറങ്ങി. അതിലെ ഒരു കഥയായ മഴവില്ലുതേടുന്ന പെണ്‍കുട്ടിയില്‍ ആകൃഷ്ടനായാണ് സിനിമ ചെയ്തതെന്ന് ബ്രിജേഷ്. പ്രകൃതിയെയും ചുറ്റുപാടുകളേയും ഇഷ്ടപ്പെടുന്ന ഒരു കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. തിരുവമ്പാടി മുത്താലം വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൃതിക. മലപ്പുറം വണ്ടൂര്‍ നടുവത്ത് സൈനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പാട്ടുപാടിയ മാളവിക.

പുസ്തകങ്ങളില്‍ കണ്ട വര്‍ണ്ണ മനോഹര മഴവില്ല് ആകാശത്ത് കാണാന്‍ കഴിയാത്ത കുഞ്ഞുമനസ്സിന്റെ സങ്കടമാണ് സിനിമയുടെ ഉള്ളടക്കം. കൊത്ത്, സൗദി വെള്ളക്ക, ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉത്തരയും അമ്മവേഷത്തില്‍ സിനിമയിലുണ്ട്.
കുട്ടിയുടെ ആഗ്രഹങ്ങളിലൂടെ കഥ പറയുമ്പോഴും അമ്മയുടെ സ്വപ്നത്തിന് കൂടി പ്രാധാന്യമുണ്ട് ചിത്രത്തില്‍. മഴവില്ലഴക് പോലെ സുന്ദരമല്ല പ്രായോഗിക ജീവിത യാത്രയെന്ന് പെണ്‍മനസ്സിന്റെ നൊമ്പരത്തിലൂടെ സിനിമ പറയുന്നു.

മുംബൈ എന്റര്‍ടെയിന്‍മെന്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കൃതികക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ഔറംഗബാദ് റോഷാനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച കുട്ടികളുടെ ചിത്രം, തിരുവനന്തപുരം ക്യൂട്ട് ഫിലിം ഫെസ്റ്റിവലില്‍ വെറൈറ്റി കണ്‍സെപ്റ്റ് അവാര്‍ഡ്, ദി ഫിലിം ഫോറം ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മികച്ച ചിത്രം, മികച്ച കഥ തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയ ചിത്രം ഇതിനോടകം നിരവധി ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. കാര്‍ത്തികമഠം മീഡിയ ഹബ്ബിന്റെ ബാനറില്‍ അനില്‍ തിരുവമ്പാടിയാണ് നിര്‍മാണം.