വീല്‍ ചെയറുകളില്‍ അവരെത്തി: സൗഹൃദ സംഗമത്തിലും മെഡിക്കല്‍ ക്യാമ്പിലും പങ്കാളികളായി

Kozhikode

കോഴിക്കോട്: വീല്‍ ചെയറുകളില്‍ അവരെത്തി. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സംഗമത്തിലും മെഡിക്കല്‍ ക്യാമ്പിലും പങ്കെടുത്തു. വീല്‍ചെയര്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെയും (ഡബ്‌ള്യു.ആര്‍.ഒ.) സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി താമരശ്ശേരിയുടെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.പി.എം. ഇമ്പം ഹാളില്‍ നടന്ന സൗഹൃദ സംഗമം ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സബ് ജഡ്ജ് എം.പി.ഷൈജല്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡബ്‌ള്യു.ആര്‍.ഒ. പ്രസിഡന്റ് മിസ്‌റ വാവാട് അധ്യക്ഷത വഹിച്ചു. ഡോ. വി.എന്‍. സന്തോഷ് കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഡോ. സുധ, വി.പി.ഉസ്മാന്‍, ഐ.പി.എം.വൈസ് ചെയര്‍മാന്‍ സത്യപാല്‍, ഉസ്മാന്‍ പി. ചെമ്പ്ര, അഡ്വ. ശ്രീജിത്ത്, ബവിഷ് ബാല്‍, അഡ്വ. ടി.പി.എ. നസീര്‍, വിനോദ് താമരശ്ശേരി, ഫിറോസ് കച്ചേരിയില്‍, വി.കെ. നഹീം, സന്തോഷ് വലിയപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

ഇഖ്‌റ ആശുപത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്ക്കരണ സെമിനാറും നടന്നു. കലാഭവന്‍ അനില്‍ ലാലും സംഘവും നടത്തുന്ന കലാപരിപാടികളും,മെലഡി ഓണ്‍ വീല്‍സ് ഗായക സംഘത്തിന്റെ ഗാനമേളയും അരങ്ങേറി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള വീല്‍ ചെയറില്‍ കഴിയുന്ന നൂറില്‍ പരം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡബ്‌ള്യു.ആര്‍.ഒ. സെക്രട്ടറി പി. ഇന്ദു സ്വാഗതവും ട്രഷറര്‍ റഷീദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.