കോഴിക്കോട്: ഏകീകൃത സിവില്‍കോഡ് പോലുള്ള വിഷയങ്ങളില്‍ സ്വയം നാശത്തിലേക്ക് നയിക്കുന്ന പ്രേരണ ഏതു പാര്‍ട്ടിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാവുന്നതെന്ന് മുസ്‌ലിംകള്‍ മനസ്സിലാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളുകയാണെന്നും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ മോദിയുടെ ഉപദേശം തങ്ങള്‍ക്കാവശ്യമില്ലെന്നും ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
പൗരന്മാരുടെ തുല്യ അവകാശത്തിന് ഏകീകൃത സിവില്‍കോഡ് അനിവാര്യമാണെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം ഭരണഘടന വിഭാവന ചെയ്യുന്ന മതേതര ജനാധിപത്യ വ്യവസ്ഥയെക്കുറിച്ചുള്ള ധാരണപ്പിശക് കൊണ്ടാണ്. ഈ വിഷയത്തില്‍ ആര്‍ എസ് എസും നരേന്ദ്ര മോദിയും മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ തനി പിന്തിരിപ്പനും ചാതുര്‍വര്‍ണ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കുമാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളോട് അല്‍പമെങ്കിലും കരുണയുണ്ടെങ്കില്‍ അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. തങ്ങളുടെ സ്വത്വവും അസ്ഥിത്വവും സാസ്‌കാരിക വൈവിധ്യവും നിലനിര്‍ത്തി പൂര്‍ണ പൗരത്വത്തോടുകൂടി ജീവിക്കാന്‍ ഭരണഘടന അവര്‍ക്ക് അവകാശം നല്‍കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ എടുത്തുകാട്ടുമ്പോഴെല്ലം മുസ്‌ലിംക്രൈസ്തവ പ്രീണനമെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമെന്നും വിളിച്ചുകൂവി അവരില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത് ഇനി നടക്കില്ലെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് തെളിയിച്ചു കഴിഞ്ഞു. ഹിന്ദു രാഷ്ട്രം എന്ന ആര്‍ എസ് എസിന്റെ സ്വപ്നം കൊണ്ടുനടക്കുന്ന മോദിയെപ്പോലുള്ളവര്‍ക്ക് മതേതര ജനാധിപത്യ ഇന്ത്യയില്‍ ഇടമില്ല എന്ന് സമര്‍ഥിക്കുന്നതായിരിക്കും അടുത്ത തെരഞ്ഞെടുപ്പെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.