ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി; കുറ്റിയാടിയില്‍ യുവതി വിഷം കഴിച്ചു

Crime Kerala

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് കുറ്റിയാടിയില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പുകാര്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ലോണ്‍ നല്‍കുമെന്ന് ഫോണില്‍ വന്ന അറിയിപ്പ് കണ്ടാണ് കുറ്റിയാടി ഊരത്ത് സ്വദേശിനിയായ യുവതി ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. പിന്നീട് ഇവര്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ച് പണം കടമെടുക്കുകയും ചെയ്തു. ചെറിയ തുകകള്‍ ആദ്യം നല്‍കിയ ശേഷം പിന്നീട് മറ്റൊരു ആപ്പിന്റെ ലിങ്ക് അയച്ച് കൊടുക്കുകയായിരുന്നു. ഇത്തരത്തില്‍ നാല് ആപ്പുകളില്‍ നിന്നായി പതിനായിരത്തില്‍ താഴെയാണ് യുവതി വായ്പയെടുത്തത്. ഇതിന് പിന്നാലെ തട്ടിപ്പുകാര്‍ പണം തിരിച്ചാവശ്യപ്പെട്ടു തുടങ്ങുകയും ചെയ്തു. കൂടുതല്‍ പണം അടയ്ക്കാന്‍ യുവതി തയ്യാറാവാതിരുന്നപ്പോള്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിപ്പെടുത്തല്‍ നിരന്തരമായി എത്തിയതോടെ സ്വര്‍ണമടക്കം വില്‍പ്പന നടത്തി ഒരു ലക്ഷത്തോളം രൂപ തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ പിന്നീടും ലോണ്‍ ആപ്പുകാര്‍ പണമാവശ്യപ്പെടുകയും ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആപ്പുകാരുടെ കെണിയില്‍ നിന്നും രക്ഷയില്ലെന്ന് കണ്ടതോടെയാണ് യുവതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

യുവതി പലപ്പോഴായി പണമടച്ചതിന്റെ രേഖകള്‍ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പണം അടക്കുന്നതുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വന്ന നമ്പറില്‍ പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.