കേരളത്തില്‍ സമഗ്രമായ നഗരവികസന നയം ഉണ്ടാകണം: മന്ത്രി എം ബി രാജേഷ്

Kerala

തിരുവനന്തപുരം: കേരളത്തില്‍ സമഗ്രമായ നഗരവികസന നയം ഉണ്ടാകണം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗര വികസന നയം ആവിഷ്‌കരിക്കുന്നതിനായി അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും വൈകാതെ അര്‍ബന്‍ കമ്മീഷന്‍ ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. കേരള ആര്‍ബണ്‍ ഡയലോഗ് സീരീസിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ലോകത്താകെയുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുകയെന്നും വിശദമായ ചര്‍ച്ചകളിലൂടെ സമഗ്ര നഗര വികസന നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. ലോകബാങ്ക് അടക്കം പത്തോളം ആഗോള ഏജന്‍സികളും സംഘടനകളും പ്രക്രിയയില്‍ പങ്കാളികളാകും. മേഖലയിലെ വിദഗ്ധര്‍ക്കൊപ്പം ജനപ്രതിനിധികള്‍, ഏജന്‍സികള്‍, നഗര ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ എന്നിവരുടെ അനുഭവങ്ങളും ആശയങ്ങളും കൂടി ഉള്‍പ്പെടുത്തിയാകും വികസന നയം രൂപീകരിക്കുക.

കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ചവ്യാധി, മാലിന്യ സംസ്‌കരണം, ഹൗസിംഗ് എന്നീ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിന് കേരള അര്‍ബന്‍ ഡയലോഗ് സീരിയസ് സഹായകമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആധുനിക കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ നഗരവത്ക്കരണത്തെ ശരിയായി അഭിസംബോധന ചെയ്യേണ്ടതുണ്ട്. കേരളത്തിന്റെ നഗരവത്ക്കരണ തോതനുസരിച്ച് 2035ഓടെ 92.8 ശതമാനം ആളുകള്‍ നഗരവാസികളാകും. ഇപ്പോള്‍ 4.58 ശതമാനമാണ് നഗര ജനസംഖ്യയുടെ ദശവാര്‍ഷിക വളര്‍ച്ച നിരക്ക്. കേരളത്തില്‍ നഗരവത്ക്കരണം എന്നത് ആസൂത്രിതമായി നടക്കുന്ന ഒന്നല്ല. ആസൂത്രിത നഗരവത്ക്കരണവും നഗരവത്ക്കരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ സൂക്ഷ്മമായും സമഗ്രമായും അഭിസംബോധന ചെയ്യുക എന്നതിന്റെയും ആദ്യപടിയാണ് കേരള അര്‍ബന്‍ ഡയലോഗ് സീരീസ് എന്നും മന്ത്രി വ്യക്തമാക്കി. അര്‍ബന്‍ ഡയലോഗ് ലോഗോ പ്രകാശനവും ‘മാലിന്യമുക്തം നവകേരളം’ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.