ആത്മനിര്‍ഭര്‍ ഭാരത് ഇന്ന് വികസനത്തിന്‍റെ മൂലമന്ത്രം: അഡ്വ. വി കെ സജീവന്‍

Kozhikode

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച ആത്മ നിര്‍ഭര്‍ ഭാരത് കേവലം മുദ്രാവാക്യത്തിനപ്പുറത്ത് വികസനത്തിന്റെയും സ്വയം പര്യാപ്തതയുടേയും മൂലമന്ത്രമായി മാറിയെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. അഖിലഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് കോഴിക്കോട് മലപ്പുറം മേഖല ചിന്തന്‍ ബൈഠക്കില്‍ ‘ദേശസുരക്ഷയും ആത്മനിര്‍ഭര്‍ഭാരതും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂറോ സെന്‍ട്രിക് വികസന നയത്തില്‍ മാറി ഇന്‍ഡ്യാ സെന്‍ട്രിക് വികസന നയം രൂപവത്കരിക്കപ്പെട്ടു എന്നുള്ളത് വലിയ മാറ്റമാണ്. 29.87 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് ആണ് രാജ്യത്ത് നടപ്പാക്കിയത്. പ്രതിരോധ മേഖലയില്‍ നൂറ്റിയെട്ട് സാധന സാമഗ്രികളുടെ ഇറക്കുമതി ഉപേക്ഷിച്ചു.ചെറുകിട വ്യവസായ മേഖലയില്‍ 45 ശതമാനം കയറ്റുമതിയും 30 ശതമാനം തൊഴിലും ഉറപ്പു വരുത്തികഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം 10 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്തു. എല്ലാ വിഭാഗം ഉല്‍പ്പന്നങ്ങളും വില്ക്കുന്നതിനും വാങ്ങുന്നതിനും ഇ.കോമോഴ്‌സ് (ONDC) സാധ്യമാക്കി. സ്വദേശി അഥവാ ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന ആശയം ഉല്പാദന മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് പാകപ്പെടുത്തിയെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു.

ലഫ്.കേണല്‍ എം.ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എസ്.സഞ്ജയന്‍,സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സേതുമാധവന്‍, വി.അനില്‍കുമാര്‍, പി.വൈ.അരവിന്ദാക്ഷന്‍,ചന്ദ്രന്‍ കോലോത്തങ്ങാടി എന്നിവര്‍ സംസാരിച്ചു.