മുസ്ലിം സംഘടനകളുടെ ഐക്യാഹ്വാനം ആശാവഹം: സി പി ഉമര്‍ സുല്ലമി

Kerala

പുളിക്കല്‍: മുസ്ലിം സമുദായത്തിന്റെയും കേരളീയ പൊതുസമൂഹത്തിന്റെയും നന്മ ലക്ഷ്യം വെച്ചുകൊണ്ട് മുസ്ലിം സംഘടനകള്‍ ഐക്യപ്പെടാന്‍ ആഗ്രഹിക്കുന്നത് ആശാവഹമാണെന്ന് കെ എന്‍ എം മര്‍ക്കസുദഅവ ജനറല്‍ സെക്രട്ടറി സിപി ഉമര്‍ സുല്ലമി പറഞ്ഞു. കേരളീയ സമൂഹത്തില്‍ ഐക്യവും സഹവര്‍ത്തിത്വവും ലക്ഷ്യം വെച്ചുള്ള സാമുദായിക കോഡിനേഷന്‍ സംരംഭങ്ങളും സ്വാഗതാര്‍ മാണെന്നും അദ്ദേഹം പറഞ്ഞു. 2024 ഫെബ്രുവരിയില്‍ കൊണ്ടോട്ടിക്കടുത്ത കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച മുജാഹിദ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനായി സോഷ്യല്‍ മീഡിയയിലും അല്ലാതെയും വിദ്വോഷ പ്രചരണം നടത്തുന്നവരെ നിയമപരമായി നേരിടുന്നതില്‍ കേരള പോലീസ് വിവേചനപരമായ നിലപാടെടുക്കുന്നതായി കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തെ അധിക്ഷേപിച്ചുകൊണ്ട് വിദ്വേഷം പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും കണ്‍വെന്‍ഷന്‍ വ്യക്തമാക്കി.

കെ.എന്‍.എം മര്‍ക്കസുദഅവ പ്രസിഡണ്ട് ഡോക്ടര്‍ ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പ്രൊഫസര്‍ എ അബ്ദുല്‍ ഹമീദ് മദീനി മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടര്‍ അനസ് കടലുണ്ടി, എന്‍.എം ജലീല്‍ , ഫൈസല്‍ നന്മണ്ട, ഡോക്ടര്‍ ജാബിര്‍ അമാനി, അബ്ദുസ്സലാം പുത്തൂര്‍ ബി.പി.എ ഗഫൂര്‍ , സഹല്‍ മുട്ടില്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ഗഫൂര്‍ വളപ്പന്‍ ജിദ്ദ, ഹസൈനാര്‍ അന്‍സാരി യു.എ.ഇ, സി.അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍, റുക്‌സാന വാഴക്കാട് ഫഹീം പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു