മാളികപ്പുറത്തിന് ശേഷം സമ്പത്ത് റാം പ്രധാന കഥാപാത്രത്തിലെത്തുന്ന ‘ഭാഗ്യലക്ഷ്മി’; ചിങ്ങം ഒന്നിന് ആരംഭിക്കും

Cinema

സിനിമ വര്‍ത്തമാനം / പി ശിവപ്രസാദ്

കൊച്ചി: ക്രയോണ്‍സ്, താങ്ക് യൂ വെരി മച്ച്, ഹന്ന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭാഗ്യലക്ഷ്മി’യുടെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കും. ആപ്പിള്‍ ട്രീ സിനിമാസ്, കെ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സുരേന്ദ്രന്‍ വലിയപറമ്പില്‍, സജിന്‍ ലാല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍, മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം സമ്പത്ത് റാം ആണ് പ്രധാന കഥാപാത്രത്തിലെത്തുന്നത്. ഒരമ്മയുടേയും മകളുടെയും അതിതീവ്രമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മാധ്യമ പ്രവര്‍ത്തകനായ ബാബു വെളപ്പായ നിര്‍വഹിക്കുന്നു. ഒരു നോവലിലെ കഥാപാത്രങ്ങള്‍ എഴുത്തുകാരിയെ അനുധാവനം ചെയ്യുന്ന വേറിട്ട കഥാശൈലിയിലാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊല്ലം മണ്രോതുരുത്, വാഗമണ്‍, പയ്യന്നൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് മണക്കാല
ഗോപാലകൃഷ്ണന്‍ സംഗീതം നല്‍കുന്നു. കെ.എസ് ചിത്ര, മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍ എന്നിവരാണ് ഗായകര്‍. സംഗീത വിഭാഗത്തില്‍ പുതുതായി സംവിധായകനോടൊപ്പം അഹല്യ ഹരിദാസ്, അജിത് പുനലൂര്‍, രാഹുല്‍.ബി.അശോക്, പ്രവീണ്‍ രവീന്ദ്രന്‍, ഡോ. ബിന്ദു വേണുഗോപാല്‍, സുകുദേവ്, സലില്‍ ജോസ്, അരുന്ധതി തുടങ്ങിയവരും അരങ്ങേറ്റം കുറിക്കുന്നു. സിനിമയുടെ താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.

അഡ്വ: ബിന്ദു ആണ് സഹനിര്‍മ്മാതാവ്. സജു വിനായകന്‍, മനോജ് രാധാകൃഷ്ണന്‍ എന്നിവരാണ് ലൈന്‍ പ്രൊഡ്യൂസര്‍മാര്‍. ജോഷ്വാ റൊണാള്‍ഡ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം രഞ്ജിത് ആര്‍ നിര്‍വഹിക്കുന്നു. പി ശിവപ്രസാദ് ആണ് പ്രൊജക്റ്റ് ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദാസ് വടക്കഞ്ചേരി, ഫിനാന്‍സ് കണ്‍ട്രോളര്‍ : ബീന ബാബു, പ്രിയങ്ക സതീഷ്, ആര്‍ട്ട്: സുജീര്‍.കെ.ടി, മേക്കപ്പ്: ഷെമി പെരുമ്പാവൂര്‍, വസ്ത്രലങ്കാരം: റാണാ പ്രതാപ്, ഹരീഷ് എ.വി, മാര്‍ക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്‌സ്, സ്റ്റില്‍സ്: വിവേക് കോവളം എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ ട്രീ സിനിമാസ് തന്നെയാണ് ഭാഗ്യലക്ഷ്മിയെ തീയേറ്ററുകളില്‍ എത്തിക്കുന്നത്.