റേഷന്‍ കടക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കണം: കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍

Kozhikode

കോഴിക്കോട്: റേഷന്‍ കടക്കാരുടെ വേതനം പ്രതിമാസം മുപ്പതിനായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ (എഐടിയുസി) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ പ്രതിമാസം ലഭിക്കുന്ന പതിനെണ്ണായിരം രൂപയില്‍ നിന്നും കട വാടക, വൈദ്യുതി ചാര്‍ജ്, സെയില്‍സ് മാന്‍മാര്‍ക്കുളള ശമ്പളം എന്നിവ കഴിഞ്ഞാല്‍ പിന്നെ മിച്ചമായി ഒന്നും ഇല്ലാത്ത സ്ഥിതിയാണെന്ന് കണ്‍വെന്‍ഷന്‍ വ്യക്തമാക്കി.

റേഷന്‍ വിതരണ ജീവനക്കാരെ ഇ പി എഫ്, ഇ എസ് ഐ, മെഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, നിലവില്‍ റേഷന്‍കട നടത്തിവരുന്ന സെയില്‍സ് മാന്‍മാരെയും താത്ക്കാലിക ലൈസന്‍സികളെയും സ്ഥിരപ്പെടുത്തുക, ഇ പോസ് തകരാറിന് ശാശ്വത പരിഹാരം വേണമെന്നും കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എഐടിയുസി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന കണ്‍വെന്‍ഷനില്‍ പി കെ ഗോപി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. കെആര്‍ഇഎഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍, ജനറല്‍ സെക്രട്ടറി പി ജി പ്രിയന്‍ കുമാര്‍, സിപിഐ ജില്ലാ അസി. സെക്രട്ടറി പി കെ നാസര്‍, സി കെ ബാബു, പി ബിനു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി കെ ഗോപി (പ്രസിഡന്റ്), സി കെ ബാബു (സെക്രട്ടറി), പി ബിനു ( ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.