അമൃതയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം: പി പി ആലി

Wayanad

കല്പറ്റ: മരവയല്‍ കോളനിയിലെ അമൃതയുടെ മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി ആവശ്യപ്പെട്ടു. മെയ് മാസം ഒന്നാം തിയ്യതി അമൃത എന്ന പെണ്‍കുട്ടി പ്രസവാനന്തര ചികിത്സയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകുകയും അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് മെയ് ആറിന് മരണപ്പെടുകയുമായിരുന്നു. അമൃതയുടെ മരണത്തെ സംബന്ധിച്ച് മാതാപിതാക്കളായ ഉണ്ണി വള്ളി എന്നിവര്‍ കല്പറ്റ എം എല്‍ എ അഡ്വ: ടി സിദ്ദീഖ് മുഖാന്തരം കേരള മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി, ജില്ലാ കളക്ട്ടര്‍, എസ് പി, ഡിവൈ എസ് പി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചികിത്സ പിഴവ് വരുത്തിയ ഗവ: ഹോസ്പ്പിറ്റലിലെ ഗൈന കോളജിസ്റ്റിനെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതീഷേധിച്ച് ഐ എന്‍ ടി യുസി കല്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസി: ഡി എം ഒ ഓഫീസീലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

തോട്ടം തൊഴിലാളികളുടെ മകളായ അമൃതയ്ക്ക് വിധഗ്ദ ചികിത്സ കിട്ടിയിലെന്നും ഗൈനകോളജി ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണമാണ് അമൃത മരിക്കാന്‍ കാരണമായതെന്നും അമൃതയുടെ ആണ്‍ കുഞ്ഞിനും ബന്ധുക്കള്‍ക്കും സഹായവും സംരക്ഷണവും ലഭ്യമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പി പി ആലി ആവശ്യപ്പെട്ടു. ഐ എന്‍ ടി യു സി മണ്ഡലം വൈ: പ്രസിഡന്റ് സുനീര്‍ ഇത്തിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കല്പറ്റ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഗീരീഷ് കല്പറ്റ, കെ കെ രാജേന്ദ്രന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, എസ് മണി, ഡിന്റ്‌റോ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ആനപ്പാലത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് പുലയന്‍ എടഗുനി കോളനി, ശാന്ത എടഗുനി കോളനി, കെ സുനി, അയ്യപ്പന്‍, പാര്‍വ്വതി മരവയല്‍, അനീഷ് മരവയല്‍, ശ്രീജിത്ത് എടഗുനി എന്നിവര്‍ നേതൃത്വം നല്‍കി