തിരുവനന്തപുരം: അജൈവ മാലിന്യങ്ങളുടെ പരിപാലനത്തില്‍ നവീന ആശയങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) ശില്പശാല. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) നഗരസഭ പ്രതിനിധികള്‍ക്കായി കോവളത്ത് സംഘടിപ്പിച്ച ‘മാറ്റം’ ശില്പശാലയിലാണ് ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകതയില്‍ ചര്‍ച്ച നടന്നത്. അജൈവ മാലിന്യങ്ങളുടെ സംഭരണം, തരംതിരിക്കല്‍, സംസ്‌കരിക്കല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായുള്ള ആശയങ്ങളും രൂപകല്പനയും ശില്പശാലയില്‍ വിശദമായി ചര്‍ച്ച ചെയ്തു.
തെക്കന്‍ ജില്ലകളിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്ത ശില്പശാല തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. 87 നഗരസഭകളിലെയും 6 കോര്‍പറേഷനുകളിലെയും അധ്യക്ഷന്‍മാരും ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ശില്പശാലകള്‍ 4 മേഖലകളിലായിട്ടാണ് നടത്തുക. ഇതിന്റെ ആദ്യഘട്ടത്തിനാണ് തിരുവനന്തപുരത്ത് തുടക്കമായത്. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നഗരസഭ പ്രതിനിധികള്‍ ആദ്യഘട്ട ശില്പശാലയില്‍ പങ്കെടുത്തു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് മേഖലാ ശില്പശാലകള്‍ തുടര്‍ന്ന് നടക്കും.
മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം സി എഫ്), റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആര്‍ ആര്‍ എഫ്) എന്നിവ വികസിപ്പിക്കണമെന്ന് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ ജി. ശങ്കര്‍ ശില്പശാലയില്‍ പറഞ്ഞു. ഇതിനായുള്ള രൂപകല്പന ജി. ശങ്കര്‍ അവതരിപ്പിച്ചു. നിലവില്‍ ഉപയോഗിക്കുന്ന അജൈവ മാലിന്യ യൂണിറ്റുകളില്‍ പലതിന്റേയും രൂപകല്പനയില്‍ പിഴവുകളുണ്ട്. ഇത്തരം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഒറ്റമുറി കെട്ടിടങ്ങളിലെ സൗകര്യക്കുറവ്, മാലിന്യം കൃത്യമായി സംഭരിക്കുന്നതിനും ഫലപ്രദമായി തരംതിരിക്കുന്നതിനുമുള്ള സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മ തുടങ്ങിയവ നിലവിലെ പ്രശ്‌നങ്ങളാണ്. ഇതിനു പരിഹാരമായാണ് നൂറു ശതമാനം പുനരുപയോഗ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള സംവിധാനത്തിന്റെ രൂപകല്പന തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്കുന്നതാണ് പുതിയ രൂപകല്പന.
അജൈവ മാലിന്യങ്ങളെ തരംതിരിച്ച് സംസ്‌ക്കരിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങളാണ് യൂണിറ്റുകളില്‍ സ്ഥാപിക്കുക. മാലിന്യ ശേഖരണം, സംഭരണം, സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയ്ക്ക് പുറമേ തൊഴിലാളികള്‍ക്കുള്ള ശുചീകരണവിശ്രമ മുറികളും ഇതിന്റെ ഭാഗമായി ഉണ്ടാകും. മാലിന്യ സംസ്‌കരണ യൂണിറ്റുകളില്‍ സജ്ജീകരിക്കുന്ന സോളാര്‍ പാനല്‍, മഴവെള്ള ശേഖരണ സംവിധാനം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
പന്ത്രണ്ട് അടി വീതിയിലുള്ള ചെറിയ യൂണിറ്റ്, പത്ത് സെന്റ് സ്ഥലത്തിനു അനുയോജ്യമായ യൂണിറ്റ്, അന്‍പത് സെന്റ് സ്ഥലത്തിനു അനുയോജ്യമായ യൂണിറ്റ് എന്നിവ പുതിയ രൂപകല്പനയുടെ നിര്‍ദേശങ്ങളിലുണ്ട്. ദ്വിദിന ശില്പശാലയുടെ ഭാഗമായി ഖരമാലിന്യ പരിപാലനം നിലവിലെ സാഹചര്യം, നഗരസഭകള്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വെല്ലുവിളികള്‍ ഉപയോഗിച്ച തന്ത്രങ്ങള്‍, ഖരമാലിന്യ പരിപാലനത്തെ സംബന്ധിച്ച നിയമങ്ങള്‍, ആസൂത്രിതമായ ഇടപെടല്‍, വിവിധ മാതൃകകളും സാങ്കേതിക വിദ്യകളും, ഖരമാലിന്യ പരിപാലനത്തിന് സാമ്പത്തികലഭ്യതസംയോജിത സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടന്നു.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നടത്തിയ വിവര ശേഖരണത്തിലൂടെ കണ്ടെത്തിയ ഓരോ നഗരസഭകളിലെയും മാലിന്യ പരിപാലനത്തിലെ പോരായ്മകള്‍ ശില്പശാലയില്‍ വിശകലനത്തിന് വിധേയമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നടപ്പിലാക്കേണ്ട ഉപപദ്ധതികള്‍ നിശ്ചയിച്ചു. ഇതോടൊപ്പം മാലിന്യ പരിപാലനത്തില്‍ സുസ്ഥിരമായ നേട്ടം കൈവരിക്കുന്നതിന് ഓരോ നഗരസഭകളിലും നടപ്പാക്കേണ്ട മാലിന്യ പരിപാലന മാസ്റ്റര്‍ പ്ലാനിനെ കുറിച്ചും ശില്പശാലയില്‍ ചര്‍ച്ച ചെയ്തു. ഓരോ നഗരസഭകളിലെയും ജനപ്രതിനിധികളും നിര്‍വഹണ ഉദ്യോഗസ്ഥരും ശില്പശാലയില്‍ പങ്കെടുത്തതിലൂടെ പദ്ധതി നിര്‍വഹണത്തില്‍ സമഗ്രമായ നേട്ടം കൈവരിക്കാനാകും.
സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം മാര്‍ച്ച് 15 നാണ് മാലിന്യമുക്തം നവകേരളം കാമ്പയിന്‍ ആരംഭിച്ചത്. 2024ല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ ശുചിത്വ പദവിയില്‍ എത്തിക്കുന്നതിനാണ് മൂന്ന് ഘട്ടങ്ങളായുള്ള ക്യാമ്പയിന്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിധികളേയും ഉദ്യോഗസ്ഥന്‍മാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പരിശീലന, നിര്‍വഹണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.