ആശങ്കകള്‍ക്കൊടുവില്‍ ആശ്വാസം; കലക്ടറുടെ ഇടപെടലില്‍ തമിഴ്‌നാട് സ്വദേശി ബന്ധുക്കള്‍ക്കരികിലെത്തി

Kozhikode

കോഴിക്കോട്: ബന്ധുക്കളെ കാണാതെ സങ്കടത്തിലായ തമിഴ്‌നാട് സ്വദേശിയായ വയോധികന് സഹായഹസ്തം നീട്ടി ജില്ലാ കലക്ടര്‍. വീട്ടിലേക്ക് തിരികെ പോകാനുള്ള വഴി അറിയാതെ കല്ലായി പാലത്തിനരികെ നിന്ന ഇസ്മയിലിനെയാണ് ജില്ലാ കലക്ടര്‍ എ ഗീത ഇടപെട്ട് ബന്ധുക്കള്‍ക്കരികിലെത്തിച്ചത്.

ഊട്ടിയില്‍ നിന്നും കുടുംബസമേതം കോഴിക്കോട് എത്തിയതായിരുന്നു ഇസ്മയില്‍. ചായകുടിക്കാനായി പുറത്തേക്കിറങ്ങിയപ്പോള്‍ വഴിതെറ്റി കല്ലായിപ്പുഴയ്ക്ക് അരികിലെത്തുകയായിരുന്നു. ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പാരാതിയും നല്‍കി. വാക്കി ടോക്കി വഴി ഈ സന്ദേശം കലക്ടര്‍ക്കും ലഭിച്ചിരുന്നു. ഈ സമയം പന്നിയങ്കരയില്‍ സൈറ്റ് വിസിറ്റിന് പോകുന്നതിനിടയില്‍ കല്ലായി പാലത്തിന് സമീപത്ത് ഒരു വയോധികന്‍ നില്‍ക്കുന്നത് കലക്ടറുടെ ശ്രദ്ധയില്‍പെട്ടു. പോലീസ് അറിയിച്ച സന്ദേശത്തിലെ രൂപ സാദൃശ്യമുള്ള വ്യക്തിയെയാണ് പാലത്തില്‍ കണ്ടതെന്ന് മനസിലായതോടെ കലക്ടര്‍ വാഹനം നിര്‍ത്തി വയോധികന് അരികിലെത്തി കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി.

മലയാളം വശമില്ലാത്ത വയോധികനോട് തമിഴിലാണ് കലക്ടര്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയത്. പ്രദേശം പരിചിതമല്ലെന്നും വഴിയറിയാതെ നില്‍ക്കുകയാണെന്നും ഇസ്മയില്‍ കലക്ടറെ അറിയിച്ചു. ആശങ്ക വേണ്ടെന്നും ബന്ധുക്കള്‍ക്ക് അരികിലെത്തിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പോലീസില്‍ ബന്ധപ്പെട്ട് ഇസ്മയിലിനെ ബന്ധുക്കളുടെ അടുത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷമാണ് കലക്ടര്‍ മടങ്ങിയത്.