കോഴിക്കോട്: മെഡിക്കല്‍ കോളേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന് പിന്നിലുള്ള സ്വകാര്യ വസ്തുവിലേക്കുള്ള വഴി തടസ്സപ്പെടുത്തി മെഡിക്കല്‍ കോളേജ് അധികൃതര്‍ നിര്‍മ്മിക്കുന്ന ചുറ്റുമതിലിന്റെ നിര്‍മ്മാണ ജോലികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. നിര്‍മ്മാണം നിര്‍ത്തിവച്ച ശേഷം പത്ത് ദിവസത്തിനകം പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ കെ ബൈജൂനാഥ് ഇടക്കാല ഉത്തരവില്‍ പറഞ്ഞു. അമ്പലക്കോത്ത് സേതു നിവാസില്‍ വി.കെ.ഭുവനേശ്വരി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സ്വകാര്യ വസ്തുവിലേക്കുള്ള ഗതാഗതം തടയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു