മികച്ച പൊതുപ്രവർത്തകനുള്ള ആര്യാടൻ പുരസ്കാരം കെ സി വേണുഗോപാൽ എംപിക്ക്

Kozhikode

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ മതേതര നിലപാട് ഉയർത്തിപ്പിടിച്ച് വിട്ടുവീഴ് ചയില്ലാത്ത പോരാട്ടം നടത്തിയ സമുന്നതനായ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ ഓർമ്മക്കായി ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരത്തിന് പി.എ.സി ചെയർമാനും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാൽ എംപിയെ തെരഞ്ഞെടുത്തു.

കൽപ്പറ്റ നാരായണൻ, പി. സുരേന്ദ്രൻ, കെസി ജോസഫ് എന്നിവരടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ് കെസി വേണുഗോപാലിനെ തെരഞ്ഞെടുത്തത്. മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിനായി മതേതര കക്ഷികളുടെ സംയുക്ത പോരാട്ടം സാധ്യമാക്കുന്നതിലും ഏകോപിക്കുന്നതിലും കക്ഷികളുടെ സംയുക്ത പോരാട്ടം വഹിച്ച വേണുഗോപാലിൻ്റെ നേതൃപാടവവും നാല് പതിറ്റാണ്ടായി സഭകളിലും പുറത്തും അദ്ദേഹം നടത്തിയ ശ്രേഷ്‌ഠ സംഭാവനകളും പരിഗണിച്ചാണ് അവാർഡ്.

പ്രത്യേകം തയ്യാറാക്കിയ ശിൽപവും പ്രശസ്‌തി പത്രവും 1 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്യാടൻ മുഹമ്മദിൻ്റെ രണ്ടാം ചരമ വാർഷിക ദിനമായ സെപ്റ്റംബർ 25 ന് ആര്യാടൻ മുഹമ്മദ് അനുസ്‌മരണ സമിതിയുടെ നേത്യത്വത്തിൽ നിലമ്പൂരിൽ നടക്കുന്ന ഓർമ്മയിൽ ആര്യാടൻ സ്‌മൃതി സദസ്സിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കെസി വേണുഗോപാലിന് പുരസ്‌കാരം സമർപ്പിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി ‘മതനിരപേക്ഷ ഇന്ത്യയുടെ വർത്തമാനം’ വിഷയത്തിൽ സെമിനാറും ആര്യാടൻ മുഹമ്മദിനെ കുറിച്ചുള്ള ഡോക്യുമെൻററി പ്രകാശനവും ‘ ബഡ്ജറ്റ് ചർച്ചകളുടെ നാൾവഴികൾ പുസ്‌തകവും ‘ഓർമ്മയിൽ ആര്യാടൻ സ്മ‌‌രണികയും പ്രകാശനം ചെയ്യും. ആര്യാടൻ മുഹമ്മദിൻ്റെ രാഷ്ട്രീയ ജീവിതയാത്രയുടെ ഫോട്ടോ പ്രദർശനവും ഉണ്ടാവും.

അനുസ്മരണ സമ്മേളനത്തിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ബെന്നി ബഹന്നാൻ എം പി, രമേശ് ചെന്നിത്തല, എം.എം ഹസ്സൻ, എം എ ബേബി, അബ്ദുസ്സമദ് സമദാനി എം.പി, എം.കെ രാഘവൻ എംപി, കെ.സി ജോസഫ്, ഷാഫി പറമ്പിൽ എംപി, ഹംദുള്ള സയ്യിദ് എംപി, എ.പി അനിൽകുമാർ എം.എൽ.എ, പി.കെ ബഷീർ എംഎൽഎ, എൻ.എ ഹാരിസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഉപദേശക സമിതി അംഗം കെ.സി അബു പങ്കെടുത്തു.