ദോഹ: വര്‍ണം, ഭാഷാ, മതം, ജാതി എന്നിവയെല്ലാം മനുഷ്യനെ വേര്‍തിരിവിലേക്ക് കൊണ്ടു പോകുമ്പോള്‍ എല്ലാവിഭാഗം മനുഷ്യരെയും ഒന്നിപ്പിക്കുവാന്‍ പറ്റിയ മന്ത്രമാണ് ഫുട്‌ബോളെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ. ലോകകപ്പിന്റെ ഭാഗമായി ഖത്തറിലെത്തിയ ഷാഫി പറമ്പില്‍ എം എല്‍ എക്ക് നസീം ഹെല്‍ത്ത് കെയര്‍ നല്കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുട്‌ബോളിന്റെ ഏറ്റവും വലിയ മേന്മയും വ്യത്യസ്തയും ഇതാണെന്നും ഷാഫിപറമ്പില്‍ പറഞ്ഞു.
വിവിധ രാജ്യക്കാരും ഭാഷക്കാരുമായ തൊഴിലാളികളെ അണിനിരത്തി ഒരു മലയാളിയായ മുഹമ്മദ് മിയാന്‍ദാദും തന്റെ ബിസിനസ് രംഗത്ത് ഖത്തറിലും ഇതാണ് ചെയ്യുന്നതെന്നും ഒരു ഇന്ത്യക്കാരനും മലയാളിയുമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ലോകകപ്പല്ലാ, അര്‍ധ മല്ലു വേള്‍ഡ് കപ്പാണിപ്പോള്‍ നടക്കുന്നതെന്നും മെസിക്കും നെയ്മറിനും ഉയര്‍ത്തിയതു പോലുള്ള 75 മീറ്റര്‍ ഉയരത്തിലുള്ള കട്ടൗട്ടുകള്‍ തെരഞ്ഞെടുപ്പ് സമയത്തും ഞങ്ങളെ പോലുള്ളവര്‍ക്കും ഉയരട്ടെയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും സദസ്സില്‍ ചിരിപടര്‍ത്തിക്കൊണ്ട് ഷാഫി പറഞ്ഞു.
നൂറു ശതമാനം ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരാണ് ഈ ലോകകപ്പിലെ കാണികളെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് ലോകകപ്പ് ഓരോ ദിവസം പിന്നീടുമ്പോഴും തെളിയുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.