ജിദ്ദ: ആരാധനകൾ അകക്കാമ്പറിഞ്ഞ് നിർവഹിക്കുമ്പോഴാണ് അതിന്റെ മാധുര്യം അനുഭവിക്കാൻ സാധിക്കുന്നത് എന്നും പ്രകടനപരത ആരാധനകളുടെ അന്ത:സത്ത നഷ്ടപ്പെടുത്തുമെന്നും എം. എസ്. എം സംസ്ഥാന വൈസ് പ്രസിഡണ്ടും യുവ പ്രഭാഷകനുമായ ലുഖ്മാൻ പോത്തുകല്ല് അഭിപ്രായപെട്ടു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയിലെ പ്രതിവാര പ്രഭാഷണത്തിൽ, ‘അകക്കാമ്പറിഞ്ഞുള്ള നിർവ്വഹണം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനകളുടെ ലക്ഷ്യം, ദൈവസ്മരണ നിലനിർത്തുന്നതോടൊപ്പം നല്ല മനുഷ്യനായി ജീവിക്കാൻ പ്രാപ്തരാക്കുക എന്നതാണ്. ആരാധനകൾ കൃത്യതയോടെ അതിന്റെ ഉള്ളറിഞ്ഞ് നിർവ്വഹിക്കുമ്പോഴാണ് ഓരോ ആരാധനകളുടെയും ലക്ഷ്യം നേടാൻ സാധിക്കുകയുള്ളു.
സാമൂഹികമായ ബാധ്യത നിർവ്വഹണത്തിൽ മുന്നിൽ നിൽക്കാൻ
ആരാധകളുടെ ലക്ഷ്യത്തിലൂടെ വിശ്വാസികൾക്ക് സാധിക്കേണ്ടതുണ്ട്.
ദൈവീക കല്പനകൾ ജീവിതത്തിൽ പുലർത്തുന്നതോടൊപ്പം സഹജീവികളോട് കരുണ കാണിക്കുകയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാവലാളാവുകയും മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിച്ച് ജനോപകാരപ്രദമായ സേവനങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോഴാണ് ആരാധനകളുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചർത്തു. ഷറഫുദ്ദീൻ മേപ്പാടി പരിപാടി നിയന്ത്രിച്ചു. അബ്ദുന്നാസർ സലഫി കുനിയിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.